ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതല ഖര്‍ഗെയ്ക്കു നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും എ.ഐ.സി.സി. നിരീക്ഷകരായ സുശീല്‍കുമാര്‍ ഷിന്‍ഡേ, ദീപക് ബാബരിയ, ജിതേന്ദ്ര സിങ് അല്‍വാര്‍ എന്നിവര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം ഖര്‍ഗെയ്ക്കു വിട്ടത്. നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന് വിട്ടതായി ഖര്‍ഗെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമസഭാകക്ഷി യോഗം ചുമതല ഖര്‍ഗെയെ ഏല്‍പ്പിക്കുകയുമായിരുന്നു.
പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ വടംവലി മുറുകി. ബംഗളൂരുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്ന ഹോട്ടലിനു മുന്നില്‍ ഇരുവരുടെയും അനുയായികള്‍ മുദ്രാവാക്യം വിളികളുമായി ശക്തി പ്രകടനം നടത്തി. അതേസമയം, സിദ്ധരാമയ്യയും ശിവകുമാറും സമ്മര്‍ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകണമെന്നതില്‍ എം.എല്‍.എമാരുടെ അഭിപ്രായമാരാഞ്ഞ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. എ.ഐ.സി.സി. നിരീക്ഷകരായ സുശീല്‍കുമാര്‍ ഷിന്‍ഡേ, ദീപക് ബാബരിയ, ജിതേന്ദ്ര സിങ് അല്‍വാര്‍ എന്നിവര്‍ എം.എല്‍.എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി 15/05/23 തിങ്കളാഴ്ച റിപ്പോര്‍ട്ട് കൈമാറും. സംസ്ഥാനത്തെ സാഹചര്യവും എം.എല്‍.എമാരുടെ താത്പര്യവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കുക. ഇത് ലഭിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സോണിയയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ കര്‍ണാടക നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിക്കും. രണ്ട് ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മുഖ്യമന്ത്രി ആരെന്നതില്‍ പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഖാര്‍ഗെയും ഗാന്ധി കുടുംബവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സഖ്യകക്ഷികളുള്‍പ്പടെ മറ്റ് പാര്‍ട്ടിനേതാക്കള്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ടാകും.
ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എം.എല്‍.സി. ആയി നാമനിര്‍ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ലിംഗായത്ത് വിഭാഗക്കാരനായ ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രി ആരാകണമെന്നതില്‍ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ.സി. വേണുഗോപാല്‍ ബംഗളൂരുവില്‍ പറഞ്ഞു.

