ചീട്ടുകളി പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു

രാമപുരം (കോട്ടയം):∙ ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൊൻകുന്നം ഇരുപതാം മൈൽ കടുക്കാമല വാഴേപ്പറമ്പിൽ ജോബി ജോർജ് (51) ആണു മരിച്ചത്. 2023 മെയ് 13 ശനിയാഴ്ച രാത്രി 11.10ന് രാമപുരം സ്റ്റേഷന്റെ 200 മീറ്ററകലെ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലായിരുന്നു സംഭവം. ഉടൻ തന്നെ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാർ പാലാ ജനറൽ ആശുപത്രിയിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 1.50നു മരിച്ചു.

ഇവിടെത്തന്നെ താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ പരാതിയിലാണു ജോബിയും സിപിഒ വിനീത്‌രാജും പരിശോധനയ്ക്കെത്തിയത്. ചീട്ടുകളിച്ചുകൊണ്ടിരുന്നവർ പൊലീസിനെ കണ്ടു വാതിലടച്ചു. മുട്ടിവിളിച്ചിട്ടും തുറക്കാതെവന്നതിനെത്തുടർന്നു വാതിലിൽ ചവിട്ടിയപ്പോൾ ജോബി നിയന്ത്രണം തെറ്റി രണ്ടടി മാത്രം ഉയരമുള്ള പാരപ്പറ്റിനു മുകളിലൂടെ താഴേക്കുവീഴുകയായിരുന്നു. രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഭാഗത്തെ മതിലിൽ ഇടിച്ചാണു വീണത്. വീഴ്ചയിൽ ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ ആന്തരികക്ഷതവും തുടർന്നുണ്ടായ ഹൃദയാഘാത മാണുമരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മെയ് 14 ന് പൊലീസ് ക്ലബ്ബിലും രണ്ടിനു രാമപുരം പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനുശേഷം വൈകിട്ട് അ‍ഞ്ചോടെ പൊൻകുന്നം ഇടത്തംപറമ്പിലെ കുടുംബവീട്ടിൽ കൊണ്ടുവരും. സംസ്കാരം മെയ് 15 തിങ്കളാഴ്ച 11നു പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ: കുറവിലങ്ങാട് കളത്തൂർ അരീക്കത്തുണ്ടത്തിൽ (തെക്കേടത്ത്) കുടുംബാംഗം ബിന്ദു. മകൾ: അൽഫോൻസ (9–ാം ക്ലാസ് വിദ്യാർഥി). മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →