എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല; വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്ന് പ്രധാന നേതാക്കൾ

ബെം​ഗളൂരു : കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്നും പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി രാഷ്ട്രീയ നേതാക്കൾ. ഇവിടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ, ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസും ജെഡിഎസും ആവർത്തിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുമെന്നാണ് പ്രധാന നേതാക്കളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

തൂക്കുമന്ത്രിസഭ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് ‌കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ വ്യക്തമാക്കി. കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ പരാജയപ്പെട്ടു. അതിനാൽ തന്നെ സഖ്യ രൂപീകരണ സാഹചര്യം വരില്ല. കോൺഗ്രസ് ഏറ്റവും കുറഞ്ഞത് 146 സീറ്റ് നേടുമെന്നും ശിവകുമാർ അവകാശപ്പെട്ടു.

അതേസമയം, ബിജെപി അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടും. കോൺഗ്രസ് – ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾക്ക് നൂറു ശതമാനം കൃത്യതയില്ല. യഥാർഥ ഫലവുമായി അഞ്ച് ശതമാനം വ്യത്യാസം എക്സിറ്റ് പോൾ ഫലങ്ങളിൽ വരാറുണ്ട്. അങ്ങനെ വന്നാൽ തന്നെ സാഹചര്യം മാറുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർണാടകയിൽ ബിജെപി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. തൂക്കുമന്ത്രിസഭയെന്ന വിഷയം ഉദിക്കുന്നില്ല. ബിജെപിക്ക് 115 മുതൽ117 സീറ്റു വരെ കിട്ടും. അതിനാൽ ജെഡിഎസുമായി സഹകരിക്കേണ്ട സാഹചര്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർട്ടിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം ജയസാധ്യതയുള്ള 25 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. വിചാരിച്ച പോലെ സംഭാവനകൾ കിട്ടിയില്ല. അതിനാൽ ചില സ്ഥാനാർത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിച്ചില്ലെന്നത് വേദനിപ്പിക്കുന്നു. അവസാന ഘട്ടത്തിൽ അവരെ സാമ്പത്തികമായി സഹായിക്കാൻ സാധിച്ചില്ല. കോൺഗ്രസിനെയും ബിജെപിയും മറികടക്കുന്ന ഭൂരിപക്ഷം പാർട്ടി നേടും. 120ലധികം സീറ്റാണ് പ്രതീക്ഷിക്കുന്നത്. തൂക്കുസഭയുടെ സാഹചര്യത്തിൽ വന്നാൽ അത്തരം കാര്യങ്ങൾ അപ്പോൾ നോക്കാമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →