പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 10 ലക്ഷം പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി : പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് നാൽപ്പതു വർഷം കഠിന തടവും, പത്ത് ലക്ഷം രൂപ പിഴയും. നടുവണ്ണൂർ സ്വദേശി പുഷ്പരാജനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ച് ആളില്ലാത്ത സമയത്ത് പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളിൽ ഒരാൾ പീഡന വിവരം പിന്നീട് സഹോദരിയോട് പറയുകയും, ഇതോടെ രക്ഷിതാക്കൾ ചെൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇരുപതു വർഷം വീതം കഠിന തടവും, അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →