കൊല്ലം: കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പ്രതിയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി 2023 മെയ് 10 ന് ഉച്ചക്ക് ഒരുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു. പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്.
വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി സർക്കാർ ഡോക്ടർമാർ മെയ് 10ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് 11ന് രാവിലെ 8 മണി വരെയാണ് പണിമുടക്ക്.

