തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയതായി പരാതി. പോത്തൻകോട് കരൂരിലാണ് സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സി.ഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരൻ മാങ്ങ വാങ്ങി കബളിപ്പിച്ചത്. അഞ്ചു കിലോ മാങ്ങ വാങ്ങിയ ശേഷം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറും പോത്തൻകോട് സി.ഐയും ഗൂഗിൾ പേ വഴി പണം നൽകുമെന്ന് പറഞ്ഞ് പോവുകയായിരുന്നു.
പോത്തൻകോട് സി.ഐയും എസ്.ഐയും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാറുള്ളതിനാൽ കടയുടമയ്ക്കു ആദ്യം സംശയം തോന്നിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ എത്താത്തതിനാൽ പോത്തൻകോട് സി.ഐയോട് കാര്യം പറഞ്ഞു. ഇതോടെ തന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തണമെന്ന് സി.ഐ തീരുമാനിച്ചു. ഇക്കാര്യം പുറത്തു വിടാതെ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ പൊലീസുകാരെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. വിവരം രഹസ്യമായി തന്നെ സി.ഐയെ അറിയിച്ചു.
സി.ഐയുടെ നിർദ്ദേശപ്രകാരം കടയുടമ പരാതി നൽകി. പൊലീസ് കേസെടുത്തു. സംഭവത്തെപറ്റി വിശദമായി അന്വേഷിച്ച് സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്ക് ശുപാർശ ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം. കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറികടയിൽ നിന്നും മാങ്ങ മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറെ ആഭ്യന്തര വകുപ്പ് പിരിച്ചു വിട്ടു മാസങ്ങൾക്കുള്ളിലാണ് അടുത്ത സംഭവം.