സിറിയ വീണ്ടും അറബ് ലീഗിലേക്ക്

കെയ്‌റോ: അറബ് ലീഗില്‍ സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇറാഖി ഔദ്യോഗിക മാധ്യമമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. 07/05/23 ഞായറാഴ്ച കെയ്‌റോയില്‍ അറബ് ലീഗിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാര്‍ സിറിയയുടെ മടക്കത്തിനായി വോട്ട് ചെയ്തത്. 2023 മെയ് മാസം 19- ന് സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്കു മുന്നോടിയായി ദമാസ്‌കസുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഊര്‍ജിത ശ്രമമാണ് നടക്കുന്നത്.

2011 മാര്‍ച്ചില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഉത്തരവിട്ടതിനു പിന്നാലെയാണ് സിറിയയുടെ അറബ് ലീഗ് അംഗത്വം റദ്ദാക്കപ്പെട്ടത്. അസദിന്റെ നടപടി രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഏകദേശം അര ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. 23 ദശലക്ഷം ആളുകള്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതായി. അല്‍-അസദ് സിറിയന്‍ പ്രദേശത്തിന്റെ നിയന്ത്രണം ഉറപ്പിച്ചതോടെയാണ് അറബ് രാജ്യങ്ങള്‍ ബന്ധം സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരാന്‍ നീക്കം തുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ അറബ് നേതൃത്വം രാഷ്ട്രീയ നീക്കങ്ങളിലാണെന്ന് ജോര്‍ദാനിലെ ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തി.

ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത നയതന്ത്രജ്ഞര്‍ കഴിഞ്ഞയാഴ്ച ജോര്‍ദാനില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തില്‍ സിറിയയെ ലീഗിലേക്കു മടക്കിക്കൊണ്ടുവരാന്‍ ഏകദേശ ധാരണയായി. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി വോട്ടെടുപ്പ് നടന്നത്.
2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ മാരക ഭൂകമ്പമാണ് ദമാസ്‌കസുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു വേഗം പകര്‍ന്നത്. സിറിയന്‍ സംഘര്‍ഷത്തില്‍ എതിര്‍കക്ഷികളെ പിന്തുണച്ച സൗദി അറേബ്യയെയും ഇറാനെയും ചൈനയുടെ മധ്യസ്ഥതയില്‍ മെരുക്കാനായതും ഈ നീക്കത്തിനു ശക്തി പകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →