മുന്‍ എം.എല്‍.എ. പ്രഫ. നബീസാഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മുന്‍ എം.എല്‍.എയും കോളേജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാര്‍ ബംഗ്ലാവില്‍ പ്രഫ. എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. 1987 ല്‍ സി.പി.എം. സ്വതന്ത്രയായി മത്സരിച്ചാണ് നബീസ ഉമ്മാള്‍ നിയമസഭാംഗമായത്. 1991 ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം.വി. രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995 ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പഴ്‌സണായി.

മൂന്നു പതിറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തില്‍ സംസ്ഥാനത്തെ പത്തിലേറെ കലാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1986ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ ആയി സര്‍വിസില്‍നിന്നു വിരമിച്ചു. എ.ആര്‍. രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാള്‍.
പരേതനായ എം ഹുസൈന്‍കുഞ്ഞാണ് ഭര്‍ത്താവ്. മക്കള്‍: റഹിം (റിട്ട. അസി. എക്‌സൈസ് കമ്മീഷണര്‍), ലൈല (റിട്ട. ബി.എസ്.എന്‍. എല്‍), സലിം (കേബിള്‍ ടിവി), താര (അധ്യാപിക, കോട്ടന്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പി.ആര്‍.ഡി. അസി. ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. വിളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കം നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ നബീസാ ഉമ്മാളിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →