തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നു കെ.സി.ബി.സി. അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗ ശുശ്രൂഷ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് ആരുടെയോ രഹസ്യ അജണ്ടയാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള വെറുപ്പിന്റെ വക്താക്കളാണ്. ശാരീരികമായി ആക്രമിക്കുന്നതിനു തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു.
എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അതത് ജില്ലകളില്‍ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നു നിവേദനം നേരത്തേ നല്‍കിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് ഈ ദിവസങ്ങളില്‍ വീണ്ടും പ്രദര്‍ശനാനുമതി നല്‍കിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവര്‍ക്കും അര്‍ഹതയുള്ളയാണെന്ന് മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.

