തിരുവനന്തപുരം: സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം കുറ്റപ്പെടുത്തി. സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട ടോം ജോസിന്റെ പരാമർശങ്ങൾക്കെതിരെയാണ് സഭയുടെ ഭാഗത്ത് നിന്ന് വിമർശനം ഉണ്ടായിരിക്കുന്നത്. പക്ഷപാതപരമായും വൈകാരികമായും പ്രതികാരബുദ്ധിയോടെയുമാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചതെന്നും സഭ കുറ്റപ്പെടുത്തി.
ഓർത്തഡോക്സ് സഭയുടെ പ്രസ്താവന “കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവി യാക്കോബായ വിഭാഗത്തിന് വേണ്ടി പക്ഷപാതപരമായി ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവാണ് ടോം ജോസിന്റെ പ്രസ്താവനയെന്ന് മലങ്കര ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സെമിത്തേരി ബില്ലിൽ താൻ എഴുതിക്കൊടുത്തതിൽ നിന്നും വ്യത്യസ്തമായിട്ടാണ് സർക്കാർ തീരുമാനമെടുത്തതെന്ന് പറയുമ്പോൾ സംസ്ഥാന സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കുകയെന്ന ഗൂഢ ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് വളരെ വ്യക്തമാണ്. താൻ തയ്യാറാക്കിയ സെമിത്തേരി ബില്ലിൽ പിന്നീട് വെള്ളം ചേർത്തു എന്നു പറയുന്ന മുൻ ചീഫ് സെക്രട്ടറി, പ്രതിസ്ഥാനത്തു നിർത്തുന്നത് സർക്കാരിനെയാണ്.
മുഖ്യമന്ത്രി മുൻകൈയെടുത്ത് ശാശ്വത സമാധാനത്തിന് ശ്രമങ്ങൾ നടത്തുമ്പോൾ അനവസരത്തിലും അസ്ഥാനത്തും വിവാദ പ്രസ്താവനകൾ നടത്തി സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള മുൻ ചീഫ് സെക്രട്ടറിയുടെ ശ്രമം ദുരൂഹമാണ്. 2020 ൽ സെമിത്തേരി ബിൽ വരുന്നതിന് വളരെ മുൻപ് തന്നെ 2019 ഓഗസ്റ്റ് മാസത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കി തരുന്നില്ലെന്ന് പ്രസ്താവിച്ചു കൊണ്ട് ഓർത്തഡോക്‌സ് സഭ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തതുമാണ്. ആ കേസ് തള്ളി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ആ കോടതിയലക്ഷ്യ കേസിന് പ്രതികാരമെന്ന നിലയിലാണോ സെമിത്തേരി ബില്ല് കൊണ്ടുവന്നതെന്ന് ഈ സാഹചര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.
വാദ പ്രതിവാദങ്ങൾക്കും സൂക്ഷ്മമായ പരിശോധനകൾക്കും ശേഷം സുപ്രീം കോടതി തെളിവായി അക്കമിട്ട് സ്വീകരിച്ചിട്ടുള്ളതും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ 1934ലെ ഭരണഘടനയുടെ സാധുതയെപ്പറ്റി പുനർവിചാരണ നടത്തുവാൻ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ 1934 ലെ ഭരണഘടനയുടെ അസൽ സംബന്ധിച്ച് മുൻ ചീഫ് സെക്രട്ടറിയുടെ അന്വേഷണം ഉദ്ദേശശുദ്ധിയോടുകൂടി ഉള്ളതല്ല. സുപ്രീം കോടതി അംഗീകരിച്ച സഭാ ഭരണഘടന പാസാക്കിയ 1934 ലെ മലങ്കര അസോസിയേഷന്റെ അസ്സൽ മിനിറ്റ്‌സ് ഒന്നാം സമുദായ കേസിൽ കോട്ടയം ജില്ലാ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മലങ്കര സഭാ തർക്കത്തെ റിയൽ എസ്റ്റേറ്റ് തർക്കം എന്ന് വിശേഷിപ്പിച്ച ടോം ജോസ്, വിഷയത്തിന്റ ഗൗരവം ഇനിയും ഉൾക്കൊണ്ടിട്ടില്ല എന്നത് വ്യക്തമാണ്. നിയമ ബോധത്തോടെയും വസ്തുതാപരമായും സമീപിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധി നടപ്പാക്കുവാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ടോം ജോസ്, മലങ്കര സഭാതർക്കത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയിന്മേൽ പക്ഷപാതപരമായും വൈകാരികമായും പ്രതികാരബുദ്ധിയോടെയും ആണ് പ്രവർത്തിച്ചതെന്ന് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ പറഞ്ഞു.”

