രാജകുമാരി: ചിന്നക്കനാലിന് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച അരിക്കൊമ്പന്റെ കാടുമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ച സംതൃപ്തിയില്‍ ഡോ. അരുണ്‍ സക്കറിയയും ആര്‍.ആര്‍. ടീമും ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്നു മടങ്ങും. ഇന്നും നാളെയുമായി നാലു കുങ്കിയാനകളെയും ചിന്നക്കനാലില്‍നിന്നു കൊണ്ടുപോകും.
രണ്ടുദിവസത്തെ അരിക്കൊമ്പന്‍ ദൗത്യം 2023 ഏപ്രില്‍ 30 പുലര്‍ച്ചെയാണ് അവസാനിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് അരിക്കൊമ്പനെ വഹിച്ചുള്ള വാഹനവ്യൂഹം തേക്കടിയുടെ പ്രവേശന പട്ടണമായ കുമളിയില്‍ എത്തി.
2023 ഏപ്രില്‍ 30 പുലര്‍ച്ചെ നാലോടെ ഉള്‍വനത്തിലെ മുല്ലക്കുടിക്കും മേതകാനത്തിനുമിടയില്‍ അരിക്കൊമ്പനെ വാഹനത്തില്‍നിന്ന് ഇറക്കി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും പ്രകടിപ്പിക്കാതെ പുതിയ തട്ടകത്തിലേക്ക് കൊമ്പന്‍ നടന്നു മറയുന്നതുവരെ കാത്തുനിന്നശേഷം ദൗത്യസംഘം മടങ്ങി. നാല് കുങ്കിയാനകളെയാണു ദൗത്യത്തിനായി ഇടുക്കിയിലെത്തിച്ചിരുന്നത്. ഇവയുടെ പാപ്പാന്‍മാരും സഹായികളുമായി പത്തുപേരാണുണ്ടായിരുന്നത്. വനം, പോലീസ് സേനാംഗങ്ങള്‍ക്കുപുറമേ നേരിട്ടുള്ള ദൗത്യത്തിനായി ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഇവരെല്ലാം ഇന്നും നാളെയുമായി അവരവരുടെ ലാവണങ്ങളിലേക്കു മടങ്ങും.
അതിനിടെ, 2023 ഏപ്രില്‍ 30 രാവിലെ മുതല്‍ പന്ത്രണ്ടോളം കാട്ടാനകള്‍ ദൗത്യം നടന്ന സിമെന്റ് പാലത്തിന് സമീപമെത്തിയിരുന്നു. പിടിയാനകളും കുട്ടിയാനകളുമാണു കൂട്ടമായി എത്തിയത്. എന്നാല്‍ ദൗത്യദിവസം അരിക്കൊമ്പനു സമീപമെത്തിയ ചക്കക്കൊമ്പന്‍ ഈ കൂട്ടത്തിലുണ്ടായിരുന്നില്ല. അതേസമയം, അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആനയെ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. പുതിയ അന്തരീക്ഷവുമായി കൊമ്പന്‍ പൊരുത്തപ്പെട്ടെന്നാണു സൂചന. ആനയുടെ ചെറുചലനങ്ങള്‍പോലും നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

