തൃശൂർ: തേക്കിൻകാട് മൈതാനത്ത് പൂരത്തിന്റെ ആവേശത്തിലേക്ക് ഫുട്ബാൾ ഇതിഹാസം മെസിയും! മത്സരക്കുടമാറ്റത്തിലാണ് അപ്രതീക്ഷിത കുടയായി വിരിഞ്ഞ് ‘മെസിക്കുട’ പൂരപ്രേമികളുടെയും കാൽപന്ത് പ്രേമികളുടെയും ഹൃദയം കവർന്നത്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു.
എന്നാൽ തിരുവമ്പാടി വിഭാഗം മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോക ഫുട്ബോൾ കിരീടം നേടിയ അർജന്റീന താരത്തിന് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ സർപ്രൈസ് കുട. ഖത്തർ ലോകകപ്പ് ഉയർത്തി നിൽക്കുന്ന മെസ്സിക്കുട ഉയർന്നതോടെ ആരാധകർ മെസി, മെസി എന്ന് ആർപ്പുവിളിച്ചു. എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകൾ തെളിഞ്ഞതോടെ ഏവരുടെയും മനസ്സ് നിറഞ്ഞു. കുടകൾക്കു പുറമെ വ്യത്യസ്ത കോലങ്ങളും ഉയർത്തിയാണു കുടമാറ്റം വർണവിസ്മയമായത്.

