തിരുവനന്തപുരം: മേയ് രണ്ടാം വാരം മുതൽ ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാകും. നിലവിലുള്ള പ്ലാൻറിന്റെ ശേഷി വർധിപ്പിച്ചാണ് ഉൽപാദനം കൂട്ടുന്നത്. ഒരു ലിറ്ററിനു പുറമേ അരലിറ്ററിലും മദ്യം ലഭ്യമാക്കും. ജവാൻ ‘ട്രിപ്പിൾ എക്സ് റം’ എന്ന പുതിയ ബ്രാൻഡും എത്തും. ഇതിനു നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ഉൽപാദനം കൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോൾ ഉൽപാദനം. ഇതു 15,000 കെയ്സായാണ് വർധിക്കുന്നത്. ലീഗൽ മെട്രോളജിയുടെ നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. സംസ്ഥാനത്ത് ഏറ്റവും ഡിമാൻഡുള്ള മദ്യമാണ് ജവാൻ ബ്രാൻഡ്. നിലവിൽ ഒരു ലിറ്റർ ജവാൻ റമ്മിനു 640 രൂപയാണ് വില. ബവ്കോ ഔട്ട്ലെറ്റുകളിൽ എത്തുന്ന മദ്യം വേഗം തീരുന്നത് ഉപഭോക്താക്കളും ബവ്കോ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിനു വരെ കാരണമാകുന്നുണ്ട്. ജവാന്റെ ഉൽപാദനം കൂട്ടുന്നതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തകർക്കാൻ കഴിയുമെന്ന് ബവ്കോ കരുതുന്നു. ജവാന്റെ ഉൽപാദനം കൂട്ടുന്നതോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ഉദ്ദേശിച്ചെങ്കിലും നടന്നില്ല.

