പിരിച്ചുവിട്ട വനിതാ തൊഴിലാളികളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട വനിതാ തൊഴിലാളികളെ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയില്ല. 2022 ജൂലൈ 6 നാണ് വിജിത ഉൾപ്പെടെയുള്ള തിരുവനന്തപുരം സ്വദേശികളായ 8 പേരെ യാതൊരു കാരണവും കൂടാതെ ജോലിയിൽ നിന്ന് പുറത്താക്കിയത്.

തൊഴിൽ നഷ്ടമായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ബാലരാമപുരം സ്വദേശിയായ വിജിതയും കുടുംബവും. ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് വിജിതയുടേത്. ബാലരാമപുരം റസൽപുരത്ത് ആകെയുണ്ടായിരുന്ന വീട് വർഷങ്ങൾക്ക് മുന്പ് തകർന്നു. ബിവറേജസ് വെയർ ഹൗസ്സിൽ ജോലി ചെയ്യുന്നതിനിടെയാണ് കുടുംബം വാടകവീട്ടിലേക്ക് മാറിയത്. ‘ഈ ജോലിയായിരുന്നു ഉപജീവനമാർഗം. എങ്ങനെയെങ്കിലും തിരിച്ചു കയറണം’ -വിജിത പറഞ്ഞു.

അകാരണമായി പുറത്താക്കിയത് ചൂണ്ടിക്കാട്ടി 8 വനിതാ തൊഴിലാളികളും ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ അനുകൂല വിധി ലഭിച്ചു. മൂന്ന് ആഴ്ചക്കുള്ളിൽ തിരിച്ചെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഉത്തരവ് നടപ്പിലാക്കിയില്ല. കോർപറേഷൻ മതിയായ രേഖകളില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് എന്ന് വിജത. ‘2012 മുതൽ 2018 വരെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടതാണ്. എന്നാൽ അന്വേഷണം വന്നപ്പോൾ ഇത് അറ്റൻഡൻസിൽ ഇല്ലെന്ന് പറയുന്നു’- വിജിത പറഞ്ഞു.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്ത് നൽകിയിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ല. എംപ്ലോയ്മെന്റ് എക്‌സ്‌ചെങ് വഴിയും, പി എസ് സി വഴിയും മാത്രമാണ് നിയമനം എന്നാണ് ബിവറേജസ് കോര്‍പറേഷൻ നൽകിയ മറുപടിയിൽ പറയുന്നത്. തങ്ങളെ പുറത്താക്കി പുതിയ ആളുകൾക്ക് താത്കാലിക അടിസ്ഥാനത്തിൽ ജോലി നൽകിയത് എന്തിനെന്നാണ് വിജിതയുടെ ചോദ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →