തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തയാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി.ജി. കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണു കേസെടുത്തത്.
രഹസ്യം ചോര്‍ന്നതു പ്രധാനമന്ത്രിയുടെ സുരക്ഷയെ അപകടത്തിലാക്കും വിധം ഗുരുതരമായിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ്. ഗുരുതര സുരക്ഷാവീഴ്ചയില്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അതൃപ്തി അറിയിച്ചിരുന്നു.
ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങളാണു ചോര്‍ന്നത്. പ്രധാനമന്ത്രി പോകുന്ന വഴികള്‍, വിശ്രമിക്കുന്ന സ്ഥലങ്ങള്‍, സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നു. പ്രധാനമന്ത്രിക്കെതിരേ വിവിധ സംഘടനകളില്‍നിന്നുള്ള ഭീഷണികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പുല്‍വാമയിലെ തീവ്രവാദ ആക്രമണവും പി.എഫ്.ഐ. നിരോധിച്ചശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതെല്ലാം ചോര്‍ന്നത് വലിയ വീഴ്ചയാണെന്നാണു വിലയിരുത്തല്‍. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയവര്‍ പ്രധാനമന്ത്രിയുടെ സുരക്ഷയെ അപകടത്തിലാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവരെ സഹായിക്കും വിധം പ്രവര്‍ത്തിച്ചു എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പ്രതിസ്ഥാനത്ത് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. പേരില്ലാതെയാണ് എഫ്.ഐ.ആര്. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായേക്കുമെന്നാണ് സൂചന. ഔദ്യോഗിക സുരക്ഷാ ക്രമീകരണ രേഖ ലഭിച്ച പ്രതികള്‍ അവ ബോധപൂര്‍വം കൈമാറിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയില്‍ ഉള്‍പ്പെട്ട എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. സുരക്ഷാ പദ്ധതി സന്ദേശം വാട്സാപ് വഴി പുറത്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ നീരീക്ഷണത്തിലാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥനെതിരേ കേസെടുക്കും.
45 ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. എ.ഡി.ജി.പിമാരില്‍നിന്ന് വിവരം ചോര്‍ന്നിട്ടില്ലെന്ന് തിരുവനന്തപുരം ഡി.സി.പി: അജിത് നടത്തിയ പ്രാഥമികന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എ.ഡി.ജി.പിമാര്‍ക്കും ഐ.ജിമാര്‍ക്കും ലഭിച്ച വിവരങ്ങള്‍ താഴേത്തട്ടില്‍ കൈമാറിയ ഉടനെയാണ് ചോര്‍ച്ച സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

