മദ്യപിച്ചെത്തിയ 3 അം​ഗ അക്രമി സംഘം ഹോട്ടലുടമയെ മർദിച്ചു

പത്തനംതിട്ട: പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്കും ഭാര്യക്കും മർദനം. പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം തിയേറ്റർ പടിയിൽ പ്രവർത്തിക്കുന്ന എം ജി ഹോട്ടൽ ഉടമ മുരുകനെയും ഭാര്യയേയുമാണ് മൂന്നംഗ സംഘം ക്രൂരമായി മർദിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കട അടിച്ചു തകർക്കുകയും ചെയ്തു. 2023 ഏപ്രിൽ മാസം 24 തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

മദ്യ ലഹരിയിൽ എത്തിയ, പ്രദേശവാസി തന്നെയായ ഒരാൾ പൊറോട്ട പാഴ്സൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചുട്ടുകൊണ്ടിരുന്ന ചൂടുള്ള പൊറോട്ട പാക്ക് ചെയ്യുന്നതിനിടയിൽ, പൊറോട്ട ആവശ്യപ്പെട്ട വ്യക്തി പുറത്തേക്ക് പോയി. പിന്നീട് 15 മിനിട്ടുകൾക്ക് ശേഷം മറ്റു രണ്ടു പേരെയും കൂട്ടി കടയിലേക്ക് എത്തി. ഓർഡർ ചെയ്ത സാധനം ആവശ്യപ്പെട്ടു. കടയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ പാഴ്സൽ എടുത്തു നൽകിയതോടെ പൊറോട്ടക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പൊറോട്ട ചൂടുള്ളതാണ് എന്ന് കടക്കാർ പറഞ്ഞതോടെ കടയുടമയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.

ഭർത്താവിനെ മർദിക്കുന്നതു കണ്ടുകൊണ്ട് തടയാനെത്തിയ കട ഉടമ മുരുകന്റെ ഭാര്യ ഗീതയേയും കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. സാരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരുകന്റെ ചെവിക്ക് പിന്നിലായി 16 തുന്നൽ ഉണ്ട്. കാലിലെ ഞരമ്പ് മുറിഞ്ഞു പോവുകയും വിരലിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുരുകനും ഭാര്യയും കോയിപ്പുറം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ല എന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →