തിരുവനന്തപുരം: മലങ്കര ചർച്ച് ബിൽ കൊണ്ടുവരുന്നത് പിണറായി വിജയന്റെ മുൻകൈയിലാണെന്നും സഭയെ സഹായിക്കുന്നവരെ വിശ്വാസികൾ തിരിച്ചും സഹായിക്കുമെന്നും മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓർത്തഡോക്സ് – യാക്കോബായ തർക്കം സംസ്ഥാനത്തെ വിഷയമാണെന്നും അതിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ അടക്കമുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു.
പള്ളിത്തർക്കം പരിഹരിക്കാൻ മലങ്കര ചർച്ച് ബിൽ സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മെത്രാപൊലീത്ത പറഞ്ഞു. പിണറായി വിജയൻ വിശ്വാസികളുടെ വേദന മനസിലാക്കുന്നുണ്ട്. സഭയെ സഹായിക്കുന്നവരെ എന്നും തിരിച്ച് സഹായിക്കുമെന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർത്തഡോക്സ് സഭ ചർച്ച് ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ചാൽ നിയമപരമായ മാർഗം സ്വീകരിക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോൾ ക്രൈസ്തവർ ഉത്തരേന്ത്യയിൽ അനുഭവിക്കുന്ന പീഡനങ്ങൾ അടക്കം സൂചിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷവും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള യാക്കോബായ സഭയുടെ പ്രതികരണം വരും ദിവസങ്ങളിൽ വീണ്ടും ചർച്ചകൾക്ക് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്.

