മലപ്പുറം: എടവണ്ണ ചെമ്പക്കുത്തില്‍ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയെ സഹായിച്ച മൂന്നു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
എടവണ്ണ ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിദാന്‍ ബാസില്‍(27) കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റംസമ്മതിച്ച സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാന്‍(30)നെയാണ് പോലീസ് 25/04/23 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷംമുമ്പ് തുടങ്ങിയ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മുഖ്യപ്രതി മുഹമ്മദ് ഷാനെ സഹായിച്ചതിനാണ് എടവണ്ണ മുണ്ടേങ്ങര സ്വദേശി എന്‍.പി. അബ്ദുറഹൂഫ്, തിരുവാലി സ്വദേശി അനസ്, കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി അഫ്‌നാസ് എന്നിവരെ നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. ഇക്കഴിഞ്ഞ 22നു പെരുന്നാള്‍ ദിവസം റിദാനെ പ്രതി ഷാന്‍ വീടിനടുത്തുള്ള കുന്നിന്‍മുകളില്‍ വച്ച് വെടിവച്ചാണു കൊലപ്പെടുത്തിയത്. ഏഴു റൗണ്ട് വെടിവച്ചെങ്കിലും ശരീരത്തില്‍ തറച്ചത് മൂന്ന് എണ്ണമാണ്. കേരളത്തിനു പുറത്തുനിന്നാണ് പിസ്റ്റള്‍ സംഘടിപ്പിച്ചതെന്നും പ്രതി മൊഴി നല്‍കി. 22നു രാവിലെ എട്ടു മണിയോടെ വീടിനു സമീപമുള്ള കുന്നിന്‍മുകളില്‍ റിദാനെ വെടിയേറ്റു മരിച്ചനിലയില്‍ സഹോദരന്‍ റാസിനാണു കണ്ടത്.
റിദാനും പ്രതിയും ചേര്‍ന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്നുപറഞ്ഞ് 21നു രാത്രി ഒമ്പതുമണിയോടെ പ്രതി റിദാനെ വീട്ടിലെത്തി സ്‌കൂട്ടറില്‍ കയറ്റി റിദാന്റെ വീടിനു സമീപമുള്ള കുന്നിന്‍മുകളിലെ വിജനമായ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. റിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച് വീട്ടിലേക്ക് 10.30ന് എത്തുമെന്ന് അറിയിച്ചശേഷം പ്രതി ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് റിദാനെ വെടിവച്ചു കൊല്ലുകയുമായിരുന്നു. റിദാന്‍ മരിച്ചു എന്നുറപ്പുവരുത്തിയ ശേഷം റിദാന്റെ ഫോണുമെടുത്ത് പ്രതി വീട്ടിലേക്കു പോവുകയും പോകുന്ന വഴിയില്‍ മൊബൈല്‍ ഫോണ്‍ സീതി ഹാജി പാലത്തിനു മുകളില്‍നിന്നു പുഴയിലേക്ക് എറിയുകയും ചെയ്തു. ഇതിനിടയില്‍ റിദാന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് താന്‍ അവിടുന്നു പോന്നവെന്നും റിദാന്‍ കുന്നിന്‍മുകളില്‍ ഉണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ഭാര്യ റിദാനെ ഫോണില്‍ പല തവണ വിളിച്ചെങ്കിലും കിട്ടാത്തതിനാല്‍ പ്രതിയെ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ തനിക്കറിയില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് രാവിലെ റിദാന്റെ സഹോദരന്‍ കുന്നിന്‍മുകളില്‍ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതു കണ്ടത്. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതിയും റിദാന്‍ മരിച്ചുകിടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെയും റിദാന്റെ മറ്റു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ആദ്യമൊക്കെ എതിര്‍ത്തുനിന്നെങ്കിലും ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തോക്ക് പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. മറ്റാരെങ്കിലും പ്രതിയെ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ എടവണ്ണ മുണ്ടേങ്ങരയിലെ വീട്ടിലെത്തിച്ചും സംഭവം നടന്ന ചെമ്പകുത്ത് മലയിലെത്തിച്ചും ഷാനിന്റെ പണിതീരാത്ത പുതിയ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. മുണ്ടേങ്ങരയിലെ വീട്ടിലെ വിറകുപുരയ്ക്കുള്ളില്‍ വിറകിനടയില്‍ പായില്‍ കെട്ടി ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെടുത്തത്.
ഷാനിന്റെ പണി തീരാത്ത പുതിയ വീട്ടില്‍ വച്ചാണ് തിരകള്‍ നിറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്ലാനിങ് നടത്തിയതെന്നും പ്രതി മൊഴി നല്‍കി. ചെമ്പകുത്ത് മലയില്‍ എത്തിച്ച പ്രതി വെടിവച്ച രീതികളും മറ്റും പോലീസിനോട് വിവരിച്ചു. തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് വലിയ ജനക്കൂട്ടമാണു തടിച്ചുകൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, സന്തോഷ്‌കുമാര്‍, കെ.എം. ബിജു, സി.ഐ : പി വിഷ്ണു, എസ്.ഐമാരായ വിജയരാജന്‍, അബ്ദുള്‍ അസീസ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. മോഹന്‍ദാസ്, സൈബര്‍ സെല്‍ എ.എസ്.ഐ. ബിജു, ശൈലേഷ് തുടങ്ങിയവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.

