കൊച്ചി: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. 2023 മാർച്ച് മാസമാണ് സീരീസിന്റെ പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. കുറ്റാന്വേഷണ കഥയ്‌ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാദം.
ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്നാണ് ആദ്യ സീസണിന്റെ പോസ്റ്റര്‍ ടൈറ്റില്‍. പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ലാലിന്റെയും അജു വര്‍ഗീസിന്റെയും ചിത്രമാണ് പോസ്റ്ററില്‍. റിലീസ് തീയതി ഇതുവരെ അറിയിച്ചിട്ടില്ല. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിര്‍മ്മിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ അഹമ്മദ് കബീര്‍ ആണ് സീരീസിന്റെ സംവിധാനം. തിരക്കഥ ആഷിഖ് അയ്മര്‍, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍ എന്നിവർ നിർവ്വഹിക്കുന്നു.

