തിരുവനന്തപുരം: ∙ വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി മുങ്ങിച്ചത്തതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതായി റിപ്പോർട്ടിലുണ്ട്. മയക്കുവെടി വച്ചശേഷം 50 മിനിറ്റോളം കരടി വെള്ളത്തിൽ കിടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 20ന് പുലർച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. പ്രഭാകരന്റെ വീടിന് സമീപത്തെ കോഴിക്കൂട്ടിൽ നിന്നു കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റിൽ വീണത്. രണ്ടു കോഴിയെ കരടി പിടിച്ചു. മൂന്നാമതൊരു കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കിലേക്ക് കോഴി പറന്നുനിന്നു. ഇതിനിടെ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റിൽ വീണത്.
അതിനിടെ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് കരടിയെ രക്ഷിക്കാൻ ശ്രമിച്ചത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പീപ്പിൾസ് ഫോർ ആനിമൽ എന്ന സംഘടന. മയക്കുവെടിവച്ച് മുകളിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ, കരടി വലയിൽനിന്ന് വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. അബോധാവസ്ഥയിലായ കരടിയെ ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

