മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി

വൈക്കം: മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിനെ ഭർത്താവ് കുഴിച്ചുമൂടി. കൊൽക്കൊത്ത സ്വദേശി നജ്മുൻ ഷാ ആണ് ഭാര്യ ഡൽഹി സ്വദേശി ഐഷാബീവി (20) പ്രസവിച്ച നാലുമാസം പ്രായമായ കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നു പൊലീസ് പറഞ്ഞു. തലയാഴം ആലത്തൂർപ്പടിക്കു സമീപമാണു സംഭവം. നാലുമാസം ഗർഭിണിയായിരുന്ന ഐഷാബീവിക്കു കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് ഇവർ വീടിനു സമീപത്തെ ശുചിമുറിയിൽ പ്രസവിച്ചു. പിന്നീടു കുഴിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

നജ്മുൻ ഷായുടെ അയൽവാസി വഴി സംഭവമറിഞ്ഞ ആരോഗ്യവകുപ്പ് പൊലീസിനെ വിവരമറിയിച്ചു. എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പാലാ ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം 2023 ഏപ്രിൽ 21 ന് പുറത്തെടുത്തു പരിശോധിക്കും. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഐഷാബീവിയെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രിപെറുക്കുന്ന തൊഴിലാണു നജ്മുൻ ഷാ ചെയ്യുന്നത്. ആലപ്പുഴ പുളിങ്കുന്നിൽ നിന്ന് ഒരു മാസം മുൻപാണ് ഐഷാബീവി ഇവിടേക്കെത്തുന്നത്. ഒരു വയസ്സുള്ള മറ്റൊരു കുട്ടി കൂടി ഇവർ‍ക്കുണ്ട്. ഗർഭിണിയാണെന്ന വിവരം ഐഷാബീവി ആരോടും പറഞ്ഞിരുന്നില്ലെന്നു നജ്മുൻ ഷായുടെ മാതാപിതാക്കൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →