ആള്‍പെരുപ്പം ഐശ്വര്യം : അവസരമാക്കാന്‍ വേണ്ടത് മനുഷ്യശേഷി ഉപയോഗിക്കാനുള്ള ആസൂത്രണം

ന്യൂഡൽഹി: ഇന്ത്യയില്‍ ആളുകളെ തട്ടിയിട്ട് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാകുമോ എന്നാണ് പുതിയ ജനസംഖ്യ കണക്ക് പുറത്ത് വന്നപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ചോദിച്ചത്. യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടേത് 142.57 കോടിയുമാണ്. ഐക്യരാഷ്ട്ര ജനസംഖ്യാനിധിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ രാജ്യത്തെ ജനസംഖ്യയും പ്രത്യുത്പാദനനിരക്കും വര്‍ധിക്കുന്നതായാണ് അഭിപ്രായപ്പെട്ടത്. ഇതില്‍ 63 ശതമാനം ഇന്ത്യക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും 30 ശതമാനം മനുഷ്യാവകാശത്തെക്കുറിച്ചും 46 ശതമാനം പരിസ്ഥിതിയെക്കുറിച്ചും ആശങ്കയുള്ളവരാണ്. അതേസമയം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന ആള്‍പെരുപ്പത്തെ കുറിച്ചുള്ള കളിയാക്കലുകളെ നേരിട്ടത് ഒരൊറ്റ ഉത്തരം കൊണ്ടായിരുന്നു. ആ ഉത്തരം ഇതാണ്

ജനസംഖ്യയില്‍ ഇന്ത്യ മുമ്പിലെത്തിയെങ്കിലും മികച്ച തൊഴില്‍ശേഷിയുള്ള 90 കോടിപ്പേര്‍ ഇപ്പോഴും ചൈനയിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വികസനത്തിന് ഉത്തേജനമേകാന്‍ ഇവര്‍ മതിയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. എണ്ണപ്പെരുപ്പത്തിലല്ല, ഗുണത്തിലാണ് ജനസംഖ്യാവര്‍ധനയുടെ പ്രയോജനമിരിക്കുന്നത്. ജനസംഖ്യ പ്രധാനമാണ്. അതുപോലെ പ്രധാനമാണ് പ്രതിഭയും. ചൈനയില്‍ 140 കോടിയിലേറെ ജനങ്ങളുണ്ട്. അതില്‍ 90 കോടിപ്പേര്‍ ജോലിചെയ്യാന്‍ കഴിയുന്ന പ്രായത്തിലുള്ളവരാണ്. ജനസംഖ്യയുടെ പ്രയോജനം ഞങ്ങള്‍ക്ക് നഷ്ടമാകുന്നില്ല. പ്രതിഭയുള്ളവരുടെ എണ്ണം കൂടുകയാണ്. അത് വികസനത്തിന് ഉത്തേജനമേകും”. പറഞ്ഞത് ശത്രരാജ്യമാണെങ്കിലും കാര്യം പറയുമ്പോള്‍ അത് അംഗീകരിക്കണമല്ലോ. ഇന്ത്യയും ഇതേ രീതിയില്‍ തന്നെയാണ് ജനസംഖ്യ വര്‍ധന കണക്കിനെ എടുക്കാന്‍. ജനസംഖ്യയ്‌ക്കൊപ്പം മനുഷ്യ വിഭവ ശേഷിയിലും രാജ്യം ഒന്നാം സ്ഥാനത്തെ എത്തിയിരിക്കുകയാണ്. അതിനര്‍ത്ഥം രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടേയും രാജ്യത്തെ പ്രവാസി നിക്ഷേപത്തിന്റെയും വര്‍ധനയാണ് വരാന്‍ പോവുന്നതെന്നുമാണ്. കൂടാതെ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി മാറാന്‍ രാജ്യത്തിന് സുവര്‍ണാവസരം വന്നിരിക്കുന്നുവെന്നുമാണ്. ജനസംഖ്യയിലെന്ന പോലെ യുവത്വത്തിലും ലോകത്തെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നതാണ് ഈ കണക്കെടുപ്പിലെ ശ്രദ്ധേയമായ വസ്തുത. 28 വയസ്സാണ് ഇന്ത്യയുടെ മധ്യപ്രായം. അതായത് തൊഴിലെടുക്കാന്‍ കരുത്തുള്ളവര്‍ പതിറ്റാണ്ടുകളോളം രാജ്യത്തിനു മുതല്‍കൂട്ടാവും. 2029ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന കണക്കുകൂട്ടലിന് അടിവരയിടുന്നതും ഇക്കാര്യമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്നും 14 വയസില്‍ താഴെയുള്ളവരാണെന്നു യു.എന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയുടെ 68 ശതമാനവും 15 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 65 വയസിനുമേല്‍ പ്രായമുള്ളവര്‍ ജനസംഖ്യയുടെ ഏഴു ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കണക്കുകള്‍ പറയുന്നത്

1950-ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യു.എന്‍. പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തുന്നത്. 2022-ല്‍ 144.85 കോടിയായിരുന്നു െചെനയുടെ ജനസംഖ്യ. ഒരുവര്‍ഷത്തിനിടെ ചൈനയിലെ ജനസംഖ്യയില്‍ കാര്യമായ ഇടിവു സംഭവിച്ചെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. ചൈനയുടെ ജനന നിരക്ക് കുറയുകയാണെന്നും തൊഴിലെടുക്കാവുന്ന ജനതയുടെ എണ്ണം കുറയുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. പല ചൈനീസ് പ്രവിശ്യകളും ജനസംഖ്യാ വര്‍ധനയ്ക്കു പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2011-നു ശേഷം ഇന്ത്യയില്‍ സെന്‍സസ് നടത്തിയിട്ടില്ലാത്തതിനാല്‍ ജനസംഖ്യ സംബന്ധിച്ച കൃത്യമായ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. 2021-ജനസംഖ്യാ കണക്കില്‍ യു.എസാണു മൂന്നാം സ്ഥാനത്ത്. 33.6 കോടിയാണു ജനസംഖ്യ. ഇന്തോനീഷ്യ( 28.08 കോടി), പാകിസ്താന്‍(23.83 കോടി), നൈജീരിയ(22.14), ബ്രസീല്‍( 21.58 കോടി), ബംഗ്ലാദേശ്(17.21) തുടങ്ങിയവയാണു ജനസംഖ്യയില്‍ മുന്നിലുള്ള മറ്റു ലോകരാജ്യങ്ങള്‍.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →