കൊച്ചി: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയെ പ്രതിയാക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴീക്കോട് പ്ലസ്ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കി. ഷാജിക്കെതിരേയുള്ള ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആറും തുടര്‍നടപടികളും റദ്ദാക്കിയത്.
എം.എല്‍.എയായിരിക്കെ 2016 ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിംലീഗ് മുന്‍ പ്രാദേശികനേതാവ് നൗഷാദ് പൂതപ്പാറ ആരോപിച്ചതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. പ്രാദേശിക സി.പി.എം. നേതാവിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് വിജിലന്‍സ് തനിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നു ഷാജി കോടതിയില്‍ ബോധിപ്പിച്ചു. 2017 ല്‍ സി.പി.എം. പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് കേസെടുത്തത്. ഷാജിക്കു പണം നല്‍കിയെന്ന ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചെന്നു കോടതി കണ്ടെത്തി.
എഫ്.ഐ.ആറിലോ പരാതിയിലോ ഏതെങ്കിലും സാക്ഷികളുടെ മൊഴികളിലോ ഷാജി പണം ആവശ്യപ്പെട്ടതായി പറഞ്ഞിട്ടില്ല. തുടര്‍നടപടി സ്വീകരിക്കുന്നത് കോടതിയുടെ സമയം ദുരുപയോഗം ചെയ്യലാകുമെന്നും കോടതി നിരീക്ഷിച്ചു. ആദ്യം നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയെങ്കിലും പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വീണ്ടും വിജിലന്‍സ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെ.എം. ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

