പ്രതിസന്ധിക്കിടയിലും വന്നല്ലോ!ഗെലോട്ടിനെ പുകഴ്ത്തി മോദി

ജയ്പുര്‍: കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകത്തില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വിമതനീക്കങ്ങള്‍ക്കിടെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെലോട്ട് തന്റെ സുഹൃത്താണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തതില്‍ പ്രത്യേകനന്ദിയുണ്ടെന്നും മോദി പറഞ്ഞു.
വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. ”ഒട്ടേറെ രാഷ്ട്രീയപ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴും സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ സമയം കണ്ടെത്തുകയും റെയില്‍വേയുടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്ത ഗെലോട്ട്ജിക്കു ഞാന്‍ പ്രത്യേകം നന്ദിയറിയിക്കുന്നു”- പ്രസംഗത്തിനൊടുവില്‍ മോദി പറഞ്ഞു. ജയ്പുര്‍ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി െവെഷ്ണവ്, ഗവര്‍ണര്‍ കല്‍രാജ് മിശ്ര തുടങ്ങിയവരും പങ്കെടുത്തു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും രാജസ്ഥാന്‍കാരാണെന്നതും മോദി എടുത്തുപറഞ്ഞു. ”ഗെലോട്ട്ജീ, താങ്കളുടെ രണ്ട് കൈയിലും ലഡുവാണുള്ളത്” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ഗെലോട്ട് സര്‍ക്കാരിനെതിരേ ഏകദിന ഉപവാസം നടത്തി ഒരുദിവസം തികയും മുമ്പേയാണ് അക്കാര്യം വ്യംഗ്യമായി സൂചിപ്പിച്ച് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സ്വന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പൈലറ്റിനെതിരേ നടപടി വേണമെന്ന് ഗെലോട്ട് കേന്ദ്രനേതൃത്വത്തോട് സൂചിപ്പിച്ചതായാണു വിവരം. പൈലറ്റ് ഉയര്‍ത്തിയ അഴിമതിവിഷയത്തോടു യോജിക്കുമ്പോഴും അവതരിപ്പിച്ച രീതിയും സമയവും അനുചിതമായെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. പൈലറ്റുമായി 13/04/23 വ്യാഴാഴ്ച വിഷയം ചര്‍ച്ചചെയ്‌തെന്നും 14/04/23 വെള്ളിയാഴ്ച തുടരുമെന്നും വ്യക്തമാക്കിയ രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ രണ്‍ധാവ, അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരേ എന്തു നടപടി സ്വീകരിക്കുമെന്നതില്‍ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ വകുപ്പ് കാര്യക്ഷമമായാണു പ്രവര്‍ത്തിക്കുന്നതെന്ന് 13/04/23 വ്യാഴാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. റെയ്ഡുകളുടെ എണ്ണത്തിലടക്കം സംസ്ഥാനം മുന്നിലാണ്. അഞ്ചോളം ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്നും പൈലറ്റിന്റെ ഉപവാസവിഷയം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ഗെലോട്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ടുമാസം ശേഷിക്കെ നേതൃമാറ്റമെന്ന ആവശ്യത്തിലൂന്നിയാണ് പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →