തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സർക്കാരിന്റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇതിനെയാണ് കേരളം സുപ്രിംകോടതി യിൽ ചോദ്യം ചെയ്യാനിരിക്കുന്നത്. പറമ്പിക്കുളം മാത്രമല്ല കേരളത്തിൽ ഏത് സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം ഉയരും. ജനങ്ങളുടെ ആശങ്കകൾ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് അനുചിതമാണെന്നാകും കേരളം സുപ്രിംകോടതിയിൽ ഉയർത്തുന്ന വാദം.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. അരിക്കൊമ്പനെ കൂട്ടിലടയ്ക്കനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ആനയെ മാറ്റണമെന്നും കോടതി നിർദേശിച്ചിരുന്നു. പറമ്പിക്കുളം സംബന്ധിച്ച് എതിർപ്പ് ഉണ്ടെങ്കിൽ സർക്കാരിനെ അറിയിക്കൂവെന്നും കോടതി പറഞ്ഞു. ആനയെ മാറ്റേണ്ടത് അനിവാര്യമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ആനയെ മാറ്റാൻ അനിവാര്യമായ മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. മറ്റൊരിടത്തേക്ക് മാറ്റണമെന്നാണെങ്കിൽ അത്തരമൊരു സ്ഥലം നിർദേശിക്കണമെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സർക്കാർ മറ്റൊരു സ്ഥലം നിർദേശമായി മുന്നോട്ടുവച്ചാൽ കോടതി അത് പരിഗണിക്കാം. പറമ്പിക്കുളക്കേത്ത് ആനയെ മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല. വിദഗ്ധ സമിതിയാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. അരിക്കൊമ്പന് വസിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് പറമ്പിക്കുളമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

