ന്യൂഡൽഹി : പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി. 2023 ഏപ്രിൽ 13ന് വൈകിട്ടാണ് പവാർ മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലെത്തിയത്. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളർ പങ്കെടുത്തു.
മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാർപറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ശരദ് പവാർ അടുക്കുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
മുംബൈയിൽ നിന്നും ശരദ് പവാർ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്ന് ഖർഗെ പ്രതികരിച്ചു. ഇതൊക്കെ സംഭവിക്കുന്നത് രാജ്യത്തെയും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും 12/04/23ബുധനാഴ്ച കണ്ടതിന് പിന്നാലെയാണ് പവാറിന്റെ കൂടിക്കാഴ്ച. അടുത്ത വർഷം(2024) നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന ചർച്ചകൾക്കിടയിലാണ് കൂടിക്കാഴ്ചകൾ.
അടുത്തിടെ വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു, അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച പവാർ, അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു.
രാജ്യം വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയമാക്കുന്നരാജ്യം വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയമാക്കുന്നതിനെയും ശരദ് പവാർ വിമർശിച്ചു. എൻസിപി കൂടി ഉൾപ്പെട്ട മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യത്തിലെ കക്ഷിയായ ശിവസേന(ഉദ്ധവ് വിഭാഗം)യുടെ അധ്യക്ഷൻ ഉദ്ധവ് താക്കറെയും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുന്നതിനിടെയാണ് പവാറിന്റെ നിലപാട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുമ്പോൾ വിദ്യാഭ്യാസ ബിരുദം രാജ്യത്തെ രാഷ്ട്രീയ വിഷയമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

