കൊല്ലം: കിടപ്പുരോഗിയായ വയോധികയും ഭർത്താവും താമസിക്കുന്ന വീടിന്റെ പിൻഭാഗം അനുമതിയില്ലാതെ പൊളിച്ചു കളഞ്ഞതായി പരാതി. താമരക്കുളം ഗണപതി നഗറിൽ എസ്.എ.സുബ്ബരാജാണ് (84) അയൽവാസിയായ വ്യാപാരിക്കെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കമ്മിഷണർക്കും പരാതി നൽകിയത്. സുബ്ബരാജും കിടപ്പുരോഗിയായ ഭാര്യയും ഹോം നഴ്സും മാത്രമാണു വീട്ടിൽ താമസം. ഇദ്ദേഹം വീട്ടിൽ നിന്നു പുറത്തുപോയ സമയത്തു വീടിന്റെ പിൻഭാഗത്തെ കൈവരിയും മുറിയും മേൽക്കൂരയുടെ ഭാഗവും ഡ്രില്ലിങ് മെഷീകൾ കൊണ്ടുവന്നു പൊളിച്ചു കളയുകയായിരുന്നു. പൊലീസ് എത്തിയതിനെത്തുടർന്നാണു പൊളിക്കൽ നിർത്തിവച്ചത്.
സംഭവ സമയത്തു വീൽചെയറിൽ ഇരിക്കുകയായിരുന്ന സുബ്ബരാജിന്റെ ഭാര്യ ശബ്ദത്തെത്തുടർന്നു പേടിക്കുകയും അസ്വസ്ഥപ്രകടിപ്പിക്കുകയും ചെയ്തു. രോഗാവസ്ഥയെക്കുറിച്ചു വിശദമായി പറഞ്ഞിട്ടും പൊളിക്കൽ നിർത്താൻ തയാറായില്ലെന്നാണു വീട്ടുകാരുടെ പരാതി. സംഭവത്തിനു ശേഷം ഒരാഴ്ചയായി ഉറങ്ങാനാകാത്ത നിലയിലാണ് ഇവർ. 1976 മുതൽ സുബ്ബരാജും കുടുംബവും ഈ വീട്ടിലാണു കഴിയുന്നത്. 2 വർഷം മുൻപാണു വീടിനു മുന്നിലെ രണ്ടു നിലയിലായുള്ള കടമുറികൾ ബിജു സേവ്യർ എന്ന വ്യക്തി വാങ്ങുന്നത്. പൊളിച്ചുകളഞ്ഞ സ്ഥലം തങ്ങളുടേതാണെന്നും കൃത്യമായ പ്രമാണം ഉണ്ടെന്നുമാണു സുബ്ബരാജിന്റെയും കുടുംബത്തിന്റെയും വാദം. എന്നാൽ സ്ഥലം തന്റേതാണെന്നും രണ്ടു വർഷമായി കരം അടയ്ക്കുന്നുണ്ടെന്നും ബിജു സേവ്യർ പറയുന്നു.
തർക്കത്തെ തുടർന്ന് രണ്ടു മാസം മുമ്പ് വില്ലേജ് ഓഫിസിൽ നിന്ന് എത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. പുതിയ പ്രമാണത്തിൽ തർക്ക സ്ഥലം ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയതിനാൽ തർക്കം കോടതി വഴി പരിഹരിക്കാനായിരുന്നു നിർദേശം. സുബ്ബരാജിന്റെ കുടുംബവുമായി പല തവണ സംസാരിച്ചെന്നും മറുപടിയില്ലാതായതോടെയാണു ശുചിമുറിയും സ്റ്റോർ റൂമും നിർമിക്കാനായി കൈവരി ഉൾപ്പെടുന്ന ഭാഗം പൊളിച്ചതെന്നുമാണു ബിജു സേവ്യറിന്റെ വാദം.
വീട് പൊളിച്ചു കളഞ്ഞതിനെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് 13/04/23 വ്യാഴാഴ്ച സുബ്ബരാജിന്റെ കുടുംബം കമ്മിഷണർക്കു പരാതി നൽകി. തങ്ങൾ നിരന്തരം നിരീക്ഷണത്തിലാണെന്നു കുടുംബം പറയുന്നു.

