ന്യൂഡൽഹി: “ഭൂമിയിൽ പോലും സന്ദർശിക്കാത്ത ആളുകൾ” കെട്ടിപ്പടുക്കുന്ന ധാരണകൾ കേൾക്കുന്നതിന് പകരം “വന്ന് നോക്കാൻ” നിക്ഷേപകരോട് അഭ്യർത്ഥിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2023 ഏപ്രിൽ 10 തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർനാഷണൽ ഇക്കണോമിക്‌സിൽ (പിഐഐഇ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നിക്ഷേപങ്ങളെ ബാധിക്കുന്ന ഇന്ത്യയുടെ നെഗറ്റീവ് പാശ്ചാത്യ ധാരണയെക്കുറിച്ചുള്ള ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രിയുടെ പ്രസ്താവന.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ജീവിതം ദുഷ്കരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ ഇന്ത്യയിൽ സംഭവിക്കുമോ? അങ്ങനെയാണെങ്കിൽ 1947ൽ ഉള്ളതിനെക്കാൾ മുസ്‍ലിങ്ങളുടെ എണ്ണം വർധിക്കുമോ? ”എന്നും മന്ത്രി ചോദിച്ചു.
പാകിസ്താനിലെ മുസ്ലിംങ്ങളെക്കാൾ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്‍ലിംങ്ങൾക്കുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ചെറിയ ആരോപണങ്ങൾക്ക് പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.