കെഎസ്ആർടിസിക്ക് സർക്കാർ വിധിക്കുന്നത് ദയാവധം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം : കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമെന്ന് കെ പിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനാണെന്നും സുധാകരൻ പറഞ്ഞു. ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. പുതിയ ബസ്സുകൾ സ്വിഫ്റ്റ് കമ്പനിയുടെ പേരിൽ ഇറക്കുന്നതിനാൽ 15 വർഷം കാലവധി കഴിഞ്ഞ ബസുകൾ പൊളിക്കേണ്ടിവരുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് സർവീസ് നടത്താൻ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

കോടികൾ വിലയുള്ള കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പലതും സിപിഐഎം നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയാണ്. ഈ തലതിരഞ്ഞ നടപടികൾ കെ.എസ്.ആർ.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.

എലത്തുർ കേസിൽ കേരള പൊലീസ് ഇതുപോലെ കഴിവുകേട് തെളിയിച്ച മറ്റൊരു സംഭവവും സമീപകാലത്തില്ല. കാണാനില്ലെന്ന വിവരം അറിയിച്ചിട്ടും തെരച്ചിൽ നടത്തിയില്ലെന്ന് സുധാകരൻ വിമർശിച്ചു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമെന്നും സുധാകരൻ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നൽകുകയും 2752 പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് 26000 ജീവനക്കാർ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സർക്കാരെന്നും സുധാകരൻ കൂട്ടിച്ചെർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →