കോതമംഗലം : അരിക്കൊമ്പൻ അരങ്ങുവാഴുന്നതു ചിന്നക്കനാലിലും മൂന്നാർ പരിസരങ്ങളിലുമാണെങ്കിൽ എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളെ വിറപ്പിക്കുന്നതു സൂചിക്കൊമ്പനും ടിപ്പർ കൊമ്പനുമാണ്. സൂചിപോലെ മുനയുള്ള ചെറിയ കൊമ്പായതിനാലാണു സൂചിക്കൊമ്പനെന്ന പേര് വീണത്. ഇഷ്ട ഭക്ഷണമായ ചക്ക കഴിക്കാൻ നാട്ടിലെത്തുന്നതാണു രീതി. കിട്ടിയില്ലെങ്കിൽ കണ്ടതൊക്കെ നശിപ്പിക്കും. ചിലപ്പോൾ മറ്റു 2 ആനകളും കൂടെയുണ്ടാകും. ഒട്ടേറെ വളർത്തുമൃഗങ്ങളെ സൂചിക്കൊമ്പൻ കൊന്നു. ആളുകൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായി. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ പ്രദേശങ്ങളിൽ കടന്നുകയറി നിരന്തരം നാശമുണ്ടാക്കുന്നതിൽ പ്രധാനിയാണു സൂചിക്കൊമ്പൻ.
വൈദ്യുത വേലിയൊക്കെ നശിപ്പിച്ചു കാർഷികവിളകളും കയ്യാലകളും വീടുകളുടെ ചുറ്റുമതിലുമെല്ലാം ചവിട്ടിമെതിച്ചാണ് ആനകളുടെ വിളയാട്ടം. സൂചിക്കൊമ്പനെ ഒതുക്കിയാൽ മേഖലയിലെ ആനശല്യം കുറയ്ക്കാനാകുമെന്നു വനപാലകരടക്കം വിലയിരുത്തി. മറ്റെവിടേക്കെങ്കിലും മാറ്റുകയോ പിടികൂടി നാട്ടാനയാക്കുകയോ ചെയ്യണമെന്നു നിർദേശമുയർന്നു. കുങ്കിയാനകളെ ഉപയോഗിച്ചു കൊമ്പനെ മാറ്റാനുള്ള അനുമതി തേടി മലയാറ്റൂർ ഡിഎഫ്ഒ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ നൽകി. നിർദേശം ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്തു. എന്നാൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പിന്തുണച്ചില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികൾക്കു വനപാലകർ നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.
ടിപ്പർ കൊമ്പൻ
ഇടമലയാറിലെ താളുംകണ്ടം, പൊങ്ങിൻചുവട് ആദിവാസിക്കുടികളിൽ നാശമുണ്ടാക്കിയിരുന്ന കാട്ടാനയാണു ടിപ്പർ കൊമ്പൻ. വലുപ്പക്കൂടുതലാണു പേരിനു പിന്നിൽ. പതിവായെത്തിയിരുന്ന കൊമ്പൻ കാർഷിക വിളകളെല്ലാം നശിപ്പിക്കും. കുറെനാളായി ആനയെ കാണാനില്ലെന്ന ആശ്വാസത്തിലാണു നാട്ടുകാർ. താലൂക്കിലെ വനാതിർത്തി ഗ്രാമങ്ങളെല്ലാം കാട്ടാനപ്പേടിയിലാണ്. വേനൽച്ചൂട് കൂടുമ്പോൾ വെള്ളവും തീറ്റയും തേടി ആനകൾ കൂടുതലായി കാടിറങ്ങുന്നു. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രദേശങ്ങളിലാണു കാട്ടാന ഭീഷണിയുള്ളത്.
സീസണായാൽ ചക്ക തേടി ആനകളെത്തും. കോട്ടപ്പാറ വനാതിർത്തിയായ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ മുട്ടത്തുപാറ വടക്കുംഭാഗം, വാവേലി, കണ്ണക്കട, പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, ആലിൻചുവട്, വേട്ടാമ്പാറ തുടങ്ങിയ ഇടങ്ങളിൽ ആനശല്യം രൂക്ഷമാണ്. കുട്ടമ്പുഴ പഞ്ചായത്തിൽ എല്ലായിടത്തും ആനയെത്തും. കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട് കഴിഞ്ഞാൽ തട്ടേക്കാട് വരെയും കവളങ്ങാട് പഞ്ചായത്തിൽ നേര്യമംഗലം, ചെമ്പൻകുഴി, നീണ്ടപാറ പ്രദേശങ്ങളിലും പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം ഭാഗത്തുമാണ് ആനശല്യമുള്ളത്.
കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ ഗവ. യുപി, പിണവൂർക്കുടി ഗവ. ഹൈസ്കൂളുകളും കാട്ടാനപ്പേടിയിലാണ്. ആദിവാസിക്കുട്ടികൾ പഠിക്കുന്ന ഇരു സ്കൂളുകൾക്കും സുരക്ഷയ്ക്കു ചുറ്റുമതിലോ വൈദ്യുത വേലിയോ ഇല്ലാത്തതാണു പ്രശ്നം. ഇടമലയാർ സ്കൂളിൽ കഴിഞ്ഞ ആഴ്ച രാത്രി കയറിയ കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തി. കെട്ടിടം നന്നാക്കിയാലേ അടുത്ത അധ്യയനവർഷം ക്ലാസ് നടത്താനാകൂ.
പരിഹാരമില്ലാതെ കാട്ടാന ഭീഷണി
ആനശല്യം തടയാൻ ഫലപ്രദമായ നടപടി ഫലപ്രദമായ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ നിരന്തര സമരത്തിലാണെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല. കാട്ടാനകളുടെ കടന്നുകയറ്റം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നുണ്ട്. രാത്രി വീടുകളിൽ ഭയത്തോടെയാണ് ആളുകൾ കഴിയുന്നത്. ആനകളെ പേടിച്ചു റബർത്തോട്ടങ്ങളിൽ ടാപ്പിങ് സാധിക്കുന്നില്ല. കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ. രാത്രിയാത്ര പേടിക്കണം. വനംവകുപ്പിന്റെ വൈദ്യുത വേലി പലയിടത്തും ആനകൾ നശിപ്പിച്ചു. ട്രഞ്ച് നിർമാണവും ഹാങ്ങിങ് ഫെൻസിങ്ങുമെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. വനഭൂമിയോടു ചേർന്നുള്ളവരെ അവരുടെ സമ്മതത്തോടെ നിശ്ചിത തുക നൽകി ഒഴിവാക്കാനും വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കേ ഇതു പ്രയോജനപ്പെടൂ. കൂടുതൽ ഭൂമിയുള്ളവർക്കു നഷ്ടക്കച്ചവടമാകും. വനം കൂടുതൽ വളരാനും വന്യമൃഗശല്യം പുതിയ ഇടങ്ങളിലേക്കു വ്യാപിക്കാനും ഈ നീക്കം കാരണമാകുമെന്നു വിലയിരുത്തലുണ്ട്.
സ്വയം പ്രതിരോധിച്ചും കർഷകർ
കാട്ടാനശല്യത്തിനു വനംവകുപ്പ് പരിഹാരം കാണുന്നതു പ്രതീക്ഷിച്ചു മടുത്ത കർഷകരിൽ ചിലർ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. സ്വന്തം നിലയിലും കർഷകർ കൂട്ടായും ചിലയിടങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചു. മുട്ടത്തുപാറ കണ്ണന്താനം രാജേഷ് കാട്ടാനകളെ പ്രതിരോധിക്കാൻ പുരയിടത്തിനു ചുറ്റും കോൺക്രീറ്റ് വേലി സ്ഥാപിച്ചിരിക്കുകയാണ്. ഇതു ഭേദിക്കാനോ അടിയിലൂടെ കടക്കാനോ ആനകൾക്കു കഴിയില്ല.സമീപത്തെ പുരയിടങ്ങളിൽ ആനകൾ എത്തുമ്പോഴും തന്റെ പുരയിടത്തിൽ ശല്യമില്ലെന്നു രാജേഷ് പറഞ്ഞു.

