കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന് കേരളം നൽകിയത് 5519 കോടി രൂപയെന്ന് ജോൺ ബ്രിട്ടാസ് എംപി

ദില്ലി: കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി രംഗത്ത്. ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കിയെന്നാണ് ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് 2465.327 കി മീ ദേശീയപാത വികസിപ്പിച്ച ഉത്തർപ്രദേശ് കേന്ദ്രത്തിന് നൽകിയത് വെറും 2097. 39 കോടി രൂപയാണെന്നും ഇതിന്റെ നാലിലൊന്ന് കി മീ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്കിയെന്നും ബ്രിട്ടാസ് വിശദീകരിച്ചു.

ജോൺ ബ്രിട്ടാസിൻറെ കുറിപ്പ് പൂർണരൂപത്തിൽ : കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയത്. ആകെ 9 സംസ്ഥാനങ്ങൾ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാൻ തയ്യാറായിട്ടുള്ളത്. രാജ്യസഭയിൽ എന്റെ ചോദ്യത്തിന് രാജ്യത്തെ ദേശീയപാത വികസനത്തിന്റെ സമ്പൂർണചിത്രം നല്കികൊണ്ടുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് 2465.327 കിലോമീറ്റർ ദേശീയപാത വികസിപ്പിച്ച ഉത്തർപ്രദേശ് കേന്ദ്രത്തിന് നല്കിയത് വെറും 2097.39 കോടി രൂപ. ഇതിന്റെ നാലിലൊന്ന് കിലോമീറ്റർ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്കി. ഹരിയാന 3269.71 കോടി നല്കിയപ്പോൾ ഡൽഹി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാർഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്കി. ചില സംസ്ഥാനങ്ങൾ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേർന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയൽറ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നല്കിയത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾ (2017-18 മുതൽ 2021-22 വരെ) കൊണ്ട് 18785.746 കിലോമീറ്റർ ദേശീയപാത പൂർത്തിയായപ്പോൾ അതിൽ 60.24 കിലോമീറ്റർ മാത്രമാണ് കേരളത്തിൽ പൂർത്തിയാക്കാൻ എൻ.എച്ച്.എ.ഐക്ക് കഴിഞ്ഞത്. രാജസ്ഥാനിൽ 3077.224 കിലോമീറ്റർ, ഉത്തർപ്രദേശിൽ 2465.327 കിലോമീറ്റർ, മഹാരാഷ്ട്രയിൽ 2089.3 കിലോമീറ്റർ എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 2017-18 മുതൽ 2021-22 വരെ രാജ്യത്ത് 23693.562 കിലോമീറ്റർ ദേശീയപാത വികസനത്തിനുള്ള വർക്കുകൾ അനുവദിച്ചു. കേരളത്തിൽ 599.498 കിലോമീറ്റർ ദേശീയപാതയുടെ വികസനമാണ് നടന്നു വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →