ഫോബ്‌സ് പട്ടിക: ആദ്യ 10 ല്‍ ഇന്ത്യയില്‍നിന്ന് അംബാനി മാത്രം

ലണ്ടന്‍: ലോകത്തെ ഏറ്റവും സമ്പന്നന്‍ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ട്(74). ഫോബസ് മാസികയുടെ കണക്ക് പ്രകാരം 17.33 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഫ്രഞ്ച് പൗരനാണ് അദ്ദേഹം. ടെസ്‌ല, സ്‌പേസ് എക്‌സ് സഹസ്ഥാപകനായ എലോണ്‍ മസ്‌ക് (14.79 ലക്ഷം കോടി രൂപ), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (9.36 ലക്ഷം കോടി രൂപ) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ പത്ത് കോടീശ്വരരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മാത്രമാണ് ഇടംപിടിച്ചത്. അദ്ദേഹത്തിന്റെ ആസ്തി 6.85 ലക്ഷം കോടി രൂപ. 169 ഇന്ത്യക്കാരാണു പട്ടികയില്‍ ഇടംപിടിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 43,544 കോടി രൂപ സമ്പത്തുള്ള അദ്ദേഹം ലോകറാങ്കിങ്ങില്‍ 497 -ാം സ്ഥാനത്താണ്. ആസ്തിയില്‍ വന്‍ ചോര്‍ച്ച സംഭവിച്ചെങ്കിലും 3.87 ലക്ഷം കോടി രൂപയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പട്ടികയില്‍ ഇടംപിടിച്ചു. അദ്ദേഹത്തിന് 24-ാം സ്ഥാനമാണുള്ളത്. എച്ച്.സി.എല്‍. സഹസ്ഥാപകന്‍ ശിവ് നാടാര്‍ (2.1 ലക്ഷം കോടി രൂപ) ഇന്ത്യന്‍ കോടീശ്വരരുടെ പട്ടികയില്‍ മൂന്നാമതാണ്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍.പി. ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള, ജെംസ് എജ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണു സമ്പന്ന മലയാളികളില്‍ മുന്‍നിരയില്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ സമീപകാലത്ത് ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →