ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയ്ക്കു പിന്നാലെ പ്രതികരണവുമായി ജര്‍മനിയും. കേസില്‍ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ പാലിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും പാര്‍ലമെന്ററി അംഗത്വം സസ്പെന്‍ഡ് ചെയ്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍ എന്നാണ് അറിയുന്നത്. വിധി നിലനില്‍ക്കുമോയെന്നും എം.പി. സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോള്‍ വ്യക്തമാകും. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ കേസില്‍ ബാധകമാകുമെന്നാണ് ജര്‍മനിയുടെ പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
രാഹുല്‍ കേസ് നിരീക്ഷിച്ചു വരികയാണെന്ന് നേരത്തെ യു.എസ് വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഉറച്ച പങ്കാളിത്തമാണ് യു.എസിന് ഇന്ത്യയോടെന്നാണ് അമേരിക്ക ചൂണ്ടിക്കാട്ടിയതും. എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്” എന്ന പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്നു ലോക്സഭാ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയായിരുന്നു.