അപൂര്‍വ രോഗ മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വ്യക്തിഗത അടിസ്ഥാന ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. തീരുമാനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. അപൂര്‍വ രോഗങ്ങള്‍ക്കുള്ള ദേശീയ നയം 2021 പ്രകാരം പട്ടികയില്‍പ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. നികുതി ഇളവ് ലഭിക്കുന്നതിന് ഇറക്കുമതി ചെയ്യുന്നയാള്‍ കേന്ദ്ര സംസ്ഥാന ഹെല്‍ത്ത് സര്‍വിസ് ഡയറക്ടറില്‍നിന്നോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ ജില്ലാ സിവില്‍ സര്‍ജനില്‍നിന്നോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സാധാരണ മരുന്നുകള്‍ക്ക് പത്ത് ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയാണു ഈടാക്കുന്നത്. അതേസമയം ചില വിഭാഗത്തിലുള്ള ജീവന്‍രക്ഷാ മരുന്നുകള്‍, വാക്സിനുകള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനമാണു തീരുവ. അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അടോഫിയുടെ ചികിത്സക്കായുള്ള മരുന്നുകള്‍ക്ക് ഇതിനകം തന്നെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ തീരുവയും ഒഴിവാക്കിയിട്ടുണ്ട്. കാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന പ്രെംബോലിസുമാബിനെയുടെ ഇറക്കുമതി തീരുവയും ഒഴിവാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം