തിരുവനന്തപുരം:∙ സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 2023 ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ കിട്ടാനില്ലാത്തതും തീയതി നീട്ടാൻ കാരണമായി.
ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയ്ഡ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്.
മെഡിക്കൽ സ്റ്റോറുകൾ വഴി വിലകൂടിയ വാക്സിൻ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കെഎംഎസ്സി എല്ലിന് നിർദേശം നൽകിയിരുന്നു.