മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കൻ മെക്‌സിക്കോ-യുഎസ് അതിർത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ 28 പേരും ഗ്വോട്ടിമല പൗരൻമാരാണെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
ആദ്യമായാണ് കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇത്രയും അധികം പേർ മരിക്കുന്നതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 68 കുടിയേറ്റക്കാരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നതെന്നും അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കുടിയേറ്റക്കാർ ക്യാമ്പിലെ ബെഡുകൾക്ക് തീയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് പറഞ്ഞു. നാട്ടുകടത്തുമെന്ന ഭയത്തിലായിരുന്നു കുടിയേറ്റക്കാർ. ഇതിൽ പ്രതിഷേധിച്ചാണ് അവർ ബെഡുകൾക്ക് തീയിട്ടതെന്നും പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ അറ്റോർണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.