അമ്പലപ്പുഴ: 2022 ഡിസംബർ 22 നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയിൽ അമ്പലപ്പുഴ വടക്ക് ഏഴര പീടികയിൽ സുഹറ മൻസിലിൽ ശിഹാബുദ്ദീന്റെ മകൾ നിദ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിൾ പോളോമത്സരത്തിനിടെ മരണപ്പെട്ട നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും ഇതുവരെ ലഭിച്ചില്ലെന്ന് വാപ്പ ശിഹാബുദ്ദീൻ പറയുന്നു.
ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരിൽ എത്തുന്നത്. 22ന് രാവിലെ വയറുവേദനയും തുടർന്നുണ്ടായ ഛർദിയും കാരണമാണ് നിദയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെവെച്ച് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്നായിരുന്നു മരണം സംഭവിച്ചത്.
നാഗ്പുരിലെ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ, മൂന്ന് മാസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അൻസില ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകാതെ ശിഹാബുദ്ദീനും വീട്ടിൽതന്നെയാണ്. നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട മകൾ മരിക്കാനുള്ള കാരണം അറിയാൻ മനസ്സ് വെമ്പൽകൊള്ളുകയാണെന്നും അതിനായി എവിടെ പോകണമെന്ന് അറിയില്ലെന്നും പറയുന്ന അദ്ദേഹം തങ്ങൾക്ക് നീതി ലഭിക്കാൻ എല്ലാവരുടെയും പിന്തുണയും തേടുന്നുണ്ട്.
കുറിപ്പ് ഇപ്രകാരം :
അത്യന്തംവ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത് ഒരുപക്ഷേ പ്രിയപ്പെട്ട മകൾ നഷ്ട്ടപെട്ട ഒരു പിതാവിന്റെ വേദന ആകാം വളരെ ഏറെ അഗ്രഹത്തോട്കൂടി കേരളത്തിനുവേണ്ടി സൈക്കിൾ പോളോ കളിക്കുവാൻ നാഗ്പൂരിലെക്ക് പോയ എന്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരം ആണ് എത്തിയത്, എന്റെ പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽനിന്നും അവളുടെ ഉമ്മി ഇതുവരെ മുക്ത ആയിട്ടില്ല. മകളെ കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകുവാൻകൂടി ഭയമാണ്. നീതിക്ക് വേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.
ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പ്രുറപ്പെട്ട എന്റെ മകൾ മരിക്കുവാൻ ഉണ്ടായ യഥാർത്ഥ കാരണം അറിയുവാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ് എന്റെ മകൾ മരിച്ചിട്ട് 3 മാസക്കാലം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിൽ ആക്കുന്നു, എന്റെ മകളുടെ യഥാർത്ഥ മരണകാരണം അറിയുവാൻ ഞാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കുവാൻ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഷിഹാബുദീൻ.

