ഇരിങ്ങാലക്കുട : അമ്പത് കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്റിന് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലികൾ അർപ്പിച്ചത്.
ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് അവർക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ആർ.ബിന്ദു, കെ രാധാകൃഷ്ണൻ, എംബി രാജേഷ് തുടങ്ങിയവർ എല്ലാം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയിരുന്നു. അതേ സമയം ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനസാഗരമാണ് എത്തിയത്. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് 2023 മാർച്ച് 26 ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.