കൊച്ചി : നടൻ ഇന്നസെന്റിന്റെ അന്ത്യനിമിഷത്തിൽ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവർത്തകർ. ഗുരുതരാവസ്ഥയിൽ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര പ്രവർത്തകരിൽ പലർക്കും താങ്ങാനായിട്ടില്ല. മരണവാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാം ആയിരുന്നു. അദ്ദേഹം രാവിലെമുതൽ തന്നെ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്.
2023 മാർച്ച് 26 രാത്രി 10:30 ആയപ്പോൾ മന്ത്രി പി. രാജീവ് ആണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മെഡിക്കൽബോർഡ് യോഗത്തിനു ശേഷം ഇന്നസെന്റിന്റെ സ്ഥിതി വളരെ മോശമാണെന്ന് വിവരം മന്ത്രി സജി ചെറിയാൻ പങ്കുവച്ചിരുന്നു. മമ്മൂട്ടി, ദിലീപ്, മേനക സുരേഷ്, മധുപാൽ ജയറാം, നിർമാതാവ് സുരേഷ് കുമാർ അടക്കമുള്ള സഹപ്രവർത്തകർ അവസാനനിമിഷംവരെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. വളരെ വേദനയോടുകൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ഇന്നസെന്റിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാരോട് അന്വേഷിച്ചതിനു ശേഷം മമ്മൂട്ടി മടങ്ങിയിരുന്നു. പിന്നീട് വിയോഗ വാർത്തയറിഞ്ഞ് മമ്മൂട്ടി വീണ്ടും ആശുപത്രിയിലെത്തി.
27ന് രാവിലെ 8 മുതൽ 11 വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാവും. അതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും 28നാകും സംസ്കാരചടങ്ങുകൾ നടക്കുക.
ഗുരുതരമായ പല രോഗാവസ്ഥകളും ഇന്നസെന്റിന് പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും വൈകിട്ട് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ അറിയിച്ചിരുന്നു. എക്മോ പിന്തുണയോടെയാണ്കഴിഞ്ഞ ദിവസങ്ങളിൽ ഇന്നസെന്റിന്റെ ചികിത്സ തുടർന്നിരുന്നത്. 2023 മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.