ഇന്നസെന്റ് അന്തരിച്ചു

എറണാകുളം: മലയാള ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ 2023 മാർച്ച് 26, ഞായറാഴ്ചയാണ് അന്ത്യം. ശാരീരിക അസ്വസ്ഥതകള്‍ മൂലം 2023 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് വിടവാങ്ങല്‍.മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 750 ഓളം സിനിമകളില്‍ അഭിനയിച്ചു. റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കിലുക്കം, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല, ഗജകേസരിയോഗം, മിഥുനം, മഴവില്‍ക്കാവടി, മനസ്സിനക്കരെ, തുറുപ്പുഗുലാന്‍, രസതന്ത്രം, മഹാസമുദ്രം തുടങ്ങിയ അതില്‍ പ്രധാനംം. സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

1948 ഫെബ്രുവരി 28ന് തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയില്‍ വറീദ് തെക്കേത്തലയുടെ മകനായാണ് ഇന്നസെന്റ് ജനിച്ചത്. എട്ട് കുട്ടികളുള്ള മാതാപിതാക്കളുടെ അഞ്ചാമത്തെ കുട്ടിയും മൂന്നാമത്തെ മകനുമാണ്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിഞ്ഞാലക്കുട ശ്രീ സംഗമേശ്വര എന്‍എസ്എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമാണ് പഠനം തുടരാനായത്. സിനിമ മോഹവുമായി മദ്രാസിലേക്ക് പോയ ഇന്നസെന്റ് ആദ്യം പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തു.

നെല്ല് എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് തിരശീലയ്ക്ക് മുന്നിലെത്തിയത്. 1972 ല്‍ പ്രേം നസീറും ജയഭാരതിയും ഒന്നിച്ച നൃത്തശാല ആണ് ഇന്നസെന്റിന്റെ ആദ്യ സിനിമ. തമിഴ്, ഹിന്ദി ചിത്രങ്ങളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, ഇരിഞ്ഞാലക്കുടക്ക് ചുറ്റും (ഓര്‍മ്മക്കുറിപ്പുകള്‍), മഴ കണ്ണാടി (ചെറിയ കഥ സമാഹാരം), ചിരിക്കു പിന്നില്‍ (ആത്മകഥ) എന്നീ അഞ്ച് പുസ്തകങ്ങള്‍ ഇന്നസെന്റ് രചിച്ചിട്ടുണ്ട്.

‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ തൊണ്ടയിലെ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ എഴുതിയ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വിവരണമാണ്. പൊതുമണ്ഡലത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. 2019ല്‍ ചാലക്കുടിയില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1979ല്‍ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്നസെന്റ് ലോക്സഭയിലേക്ക് ജയിച്ചു കയറിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സിനിമ നടന്‍ കൂടിയാണ്. ലോക്സഭയില്‍ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലും ഇന്നസെന്റ് അംഗമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →