ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് അവസാന നിമിഷം വരെ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 12 വര്‍ഷം പ്രവര്‍ത്തിച്ചു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്ബേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്‍റ് കഥ എഴുതിയത്.സിനിമകളില്‍ ഗായകനായും ഇന്നസെന്റ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആനച്ചന്തം ഗണപതി മേളച്ചന്തം (ഗജകേസരിയോഗം), കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു(സാന്ദ്രം), കുണുക്കുപെണ്മണിയെ(മിസ്റ്റര്‍ ബട്ടലര്‍), സുന്ദരകേരളം നമ്മള്‍ക്ക്(ഡോക്ടര്‍ ഇന്നസെന്‍റാണ്), സ മാ ഗ രി സ
( ഠ സുനാമി) എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.
മഴക്കണ്ണാടി, ചിരിയ്ക്കുപിന്നില്‍ (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നീ നാല് പുസ്തകങ്ങളും ഇന്നസെന്റ് രചിച്ചിട്ടുണ്ട്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് കുറച്ചുകാലം ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ് ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം.
1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കി.
ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്, ഡോണ്‍ ബോസ്‌കോ, ശ്രീ സംഗമേശ്വര എന്‍.എസ്.എസ് എന്നീ സ്‌ക്കൂളുകളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ മാത്രമാണ് ഇന്നസെന്റ് പഠിച്ചത്. പഠനം നിര്‍ത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോവുകയും സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് ഇന്നസെന്റിന്റെ സിനിമാഭിനയ തുടക്കം. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്ബനി നടത്തി. ദാവണ്‍ഗരെയില് തീപ്പെട്ടിക്കമ്ബനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1979 ല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുകയും എം.പി ആവുകയും ചെയ്തു. 1989ല്‍ ‘മഴവില്‍ക്കാവടി’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നസെന്റിന് ലഭിച്ചു.
1948 മാര്‍ച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാര്‍ഗരീത്തയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റ് ജനിച്ചത്.1976 സെപ്റ്റംബര്‍ 6 ന് ആയിരുന്നു ഇന്നസെന്റിന്റെ വിവാഹം. ഭാര്യ ആലീസ്. മകന്‍ സോണറ്റ്.