ഉദ്ഘാടനം മാര്‍ച്ച് 24ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും
കാട്ടാക്കട ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട്, കുലശേഖരം പാലം ഗതാഗതത്തിനൊരുങ്ങുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച കുലശേഖരം പാലം മാര്‍ച്ച് 24ന് തുറക്കും. വൈകിട്ട് അഞ്ചിന് കുലശേഖരം പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പ്രദേശങ്ങളില്‍നിന്ന് പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്ററോളം കുറയ്ക്കാനും തിരുമല – കുണ്ടമണ്‍കടവ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും പാലം സഹായകമാകും. 120 മീറ്റര്‍ നീളത്തിനും 10.5 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന്റെ ഇരുവശത്തുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്.