കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരേ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമെന്ന ലക്ഷ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മമതയുടെ നീക്കമെന്നാണു സൂചന.
ഇത് മൂന്നാം മുന്നണിയല്ലെന്നും ഭരണ നിര്‍വഹണ പ്ലാറ്റ്‌ഫോം ആണെന്നാണുമാണ് മമതയുടെ വാദം. മൂന്നാം മുന്നണിയെന്ന പദം ഉപയോഗിക്കുന്നതിനെ മമത കര്‍ശനമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായി കഴിഞ്ഞയാഴ്ച മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുമായി ഇന്ന് മമത കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ മാസം അവസാനം ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളുമായി ഡല്‍ഹിയില്‍ വച്ച് മമത ചര്‍ച്ച നടത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായുള്ള സഖ്യമാണു ലക്ഷ്യമെങ്കിലും മൂന്നാം മുന്നണിയെന്ന പദം അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്നാണ് മമതയുടെ നിലപാട്. മുന്നണിയുടെ ഭാഗമായാല്‍ അത് പൊതുതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും വിധത്തിലുള്ള തിരിച്ചടിക്കു കാരണമായേക്കുമെന്നു പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഭരണ നിര്‍വഹണ പ്ലാറ്റ്‌ഫോം എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്ക് മമത മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളില്‍നിന്നുള്ള പ്രതിപക്ഷ നേതാക്കളെയും പ്രാദേശിക പാര്‍ട്ടിയില്‍നിന്നുള്ള മുഖ്യമന്ത്രിമാരെയും കൂട്ടായ്മയിലെത്തിക്കാനാണു മമതയുടെ ശ്രമം.
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ബി.ജെ.പി. വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരുടെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത മാസം എട്ടു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം നടക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു പേരും പരസ്പരം സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തും. തങ്ങള്‍ നന്നായി പ്രവര്‍ത്തിച്ച മേഖലകളെക്കുറിച്ച് പരസ്പരം പഠിക്കും. ഇതൊരു ഭരണ വേദിയാണ്, ഇതൊരു രാഷ്ട്രീയ വേദിയല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

