ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്കാര ദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്മശ്രീ പുരസ്കാര ജേതാവായ ഹിര്‍ബായ് ഇബ്രാഹിം ലോബിയുടെ നിഷ്കളങ്കമായ സന്തോഷ പ്രകടനമാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്കാരം വാങ്ങുന്നതിനായി സദസിലെത്തിയ ഹീര്‍ബായ് പ്രധാനമന്ത്രിയുടെ മുന്നില്‍ വന്നുനിന്നു സംസാരിക്കുന്നതിന്റെയും രാഷ്ട്രപതി ദ്രൗപദി മുര്‍വിനെ തലോടുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയിലുള്ളത്.
തന്റെ മുന്നില്‍ എത്തിയ ഹിര്ബായിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വണങ്ങുന്നത് വീഡിയോയില്‍ കാണാം. ശേഷം, പ്രധാനമന്ത്രിയുടെ മുന്നില്‍ നിന്നുകൊണ്ട് സദസിനെ നോക്കി ഹിര്ബായി സംസാരിക്കുന്നു. അമിത് ഷാ അടക്കമുള്ളവര്‍ അവരുടെ പ്രസംഗം കേട്ട് കൈയടിക്കുന്നതും മന്ത്രി സ്മൃതി ഇറാനി നിറകണ്ണുകളോടെ കൈ കൂപ്പി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാഷ്ട്രപതിയുടെ കൈയില്‍നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ ഹിര്ബായി, ദ്രൗപതി മുര്‍മ്മുവിനെ തലോടികൊണ്ട് സ്നേഹം പങ്കുവെച്ച ശേഷമാണ് തിരികെ മടങ്ങിയത്.
സിദ്ദി ഗോത്രവര്‍ഗ സമൂഹത്തിന്റെ ഉന്നമനത്തിനും വികസനത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹിര്‍ബായ് ഇബ്രാഹിം ലോബിയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്. ഗുജറാത്തിലെ ജുനഗഡിലെ ജംബുര്‍ ഗ്രാമത്തില്‍ നിന്നുള്ള സമൂഹ്യ പ്രവര്‍ത്തകയാണ് ലോബി. ഇന്ത്യയിലും പാകിസ്താനിലും വസിക്കുന്ന ആഫ്രിക്കന്‍ വംശജരാണ് സിദ്ദികള്‍.
നൂറ്റാണ്ടുകള്‍ക്ക് അറബ് അടിമക്കച്ചവടത്തിലൂടെയാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും പൂര്‍വികര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തി-ലെത്തിയത്. മറ്റുചിലര്‍ കച്ചവടക്കാരായും നാവികരായും കരാറുകാരായും കൂലിപ്പണിക്കാരായും ഇവിടെ എത്തി. ഇന്ത്യയില്‍ ഗുജറാത്തിലും കര്‍ണാടകയിലുമാണ് സിദ്ദി സമൂഹം കൂടുതലായി കാണപ്പെടുന്നത്. ഹിര്‍ബായ് ഇബ്രാഹിം ലോബി, സിദ്ദി ഗോത്ര സമൂഹത്തിലെ സ്ത്രീകളുടെ ക്ഷേമത്തിനായും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിലമതിക്കാനാകാത്ത സംഭാവനയാണ് നല്‍കിയത്. ഇതുവരെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 700 സ്ത്രീകളുടെയും അത്രതന്നെ കുട്ടികളുടെയും ഉന്നമനം ലോബി ഉറപ്പുവരുത്തി.

