പുരി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ എലി ശല്യം. എലികൾ ക്ഷേത്രത്തിലെ ആരാധനാ മൂർത്തികളുടെ വസ്ത്രങ്ങളും പൂജാ സാധനങ്ങളും കരണ്ട് തിന്നുന്നു. എലികളെ കൊല്ലാനുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും അവ ക്ഷേത്രത്തിന് അകത്ത് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ക്ഷേത്രപൂജാരിമാരുടെ വാദം. കാരണം ‘ഭഗവാന്റെ നിദ്രയ്ക്ക് ഭംഗം’ വരുമെന്നാണ് അവരുടെ വാദമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പൂജാരിമാർ ഇപ്പോൾ വിഗ്രഹങ്ങളെ എലികളിൽ നിന്നും സംരക്ഷിക്കാൻ സ്റ്റീൽ ഗ്രിൽ വേണമെന്നാണ് പറയുന്നത്. ഒടുവിൽ എലിയെ പിടിക്കാൻ ശർക്കര ചേർത്ത ഇടുങ്ങിയ തലയുള്ള കുടങ്ങൾ ഉപയോഗിക്കും. എലികളെ ആകർഷിക്കാനായാണ് കുടങ്ങളിൽ ശർക്കര വയ്ക്കുന്നത്. ഇതിനകത്ത് കയറിയ എലികളെ പിന്നീട് പുറത്ത് തുറന്ന് വിടുമെന്നും ക്ഷേത്ര ഉദ്യോഗസ്ഥർ പറയുന്നു.
ക്ഷേത്രപരിസരത്തും ക്ഷേത്രത്തിനകത്തും എലികൾ ഓടി നടക്കുന്നത് പൂജാദികർമങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പൂജാരിമാർ പരാതിപ്പെടുന്നു. യന്ത്ര സഹായത്താൽ എലികളെ തുരത്താൻ ശ്രമിച്ചു. വലിയൊരു ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രമാണ് വച്ചത്. ശബ്ദം എലികളെ ഭയപ്പെടുത്തുമെന്നാണ് ഓപ്പറേറ്റർ പറഞ്ഞത്. എന്നാൽ. ശബ്ദം ദൈവങ്ങളുടെ നിദ്രയ്ക്ക് ഭംഗം വരുത്തുമെന്നതിനാൽ അതും വേണ്ടെന്ന് വച്ചെന്ന് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു

