ഉംറ തീർഥാടകയ്ക്ക് ഹൃദയാഘാതം : വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിയാദ്: ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടകയ്ക്ക് ഹൃദായാഘാതം. വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടയൂർ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയിൽ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ മരിച്ചത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തിൽ 2023 മാർച്ച് 21 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൈലറ്റ് വിമാനം റിയാദിൽ അടിയന്തിരമായി ഇറക്കി. തീർത്ഥാടകയെ വിമാനത്താവളത്തിന് അടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ ഉടൻ എത്തിക്കുകയും ചെയ്തു. ഉച്ചക്ക് 1.30-ഓടെ മരണം സംഭവിച്ചു. 

ഭർത്താവ് കുഞ്ഞിപ്പോക്കരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിലാണ് ഇവർ ഉംറക്കെത്തിയത്. മക്കൾ – അബ്ദുറഹ്മാൻ, സാജിദ, ശിഹാബുദ്ദീൻ, ഹസീന. മരുമക്കൾ – അബ്ദു റഷീദ്, മുഹമ്മദ് റാഫി, ഫാത്തിമ, ഹഫ്സത്ത്. മൊയ്തീൻ കുട്ടിയാണ് പിതാവ്. മറിയക്കുട്ടിയും മാതാവും. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →