മുംബൈ: മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശിയുടെ ബാഗ് പരിശോധനയിൽ പിടിച്ചെടുത്തത് 70 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ എത്യോപ്യൻ സ്വദേശി ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ പുറത്തേക്ക് കടക്കുകയായിരുന്നു. എന്നാൽ നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് എത്യോപ്യൻ സ്വദേശി പിടിയിലായത്. ഇതിന് പിന്നാലെ ഇയാളിൽ നിന്ന് ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും മുംബൈയിലെ ഹോട്ടലിൽ വച്ച് അറസ്റ്റിലായി.
ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്യോപ്യയിൽ നിന്നുമെത്തിയ യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോൾ 9.97 കിലോഗ്രാം ഹെറോയിൻ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി.ൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയൻ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടർന്ന് മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നാണ് നൈജീരിയൻ സ്വദേശിയെയും ഡി ആർ ഐ സംഘം പിടികൂടിയത്.
നൈജീരയൻ പൌരൻ താമസിച്ചിരുന്ന വീട്ടിലും ഡി ആർ ഐ സംഘം പരിശോധന നടത്തി. ഇവിടെ നിന്നും കൊക്കെയ്നും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

