കോടതിക്കു പുറത്ത് സംഘര്‍ഷം: ഇമ്രാനെതിരേ ഭീകരവാദ കേസ്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പത്തോളം നേതാക്കള്‍ക്കുമെതിരേ പാകിസ്താനില്‍ ഭീകരവാദ കേസ്. ഇമ്രാന്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലക്‌സിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുകയും നശീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെത്തുടര്‍ന്നാണു നടപടി.
തോഷാഖാന അഴിമതിക്കേസ് വിചാരണയ്ക്കായി ഇമ്രാന്‍ ഖാന്‍ ലാഹോറില്‍നിന്ന് ഇസ്ലാമാബാദിലെത്തിയതോടെയാണ് ജുഡീഷ്യല്‍ കോംപ്ലക്‌സിനു പുറത്ത് ശനിയാഴ്ച സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫിന്റെ (പി.ടി.ഐ) പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികള്‍ വഷളായി. സംഭവത്തില്‍ ഇരുപത്തഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് അഴിമതിക്കേസിന്റെ വിചാരണ കോടതി 30 ലേക്കു മാറ്റി.

സംഘര്‍ഷമുണ്ടാക്കിയ പി.ടി.ഐ. പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമാബാദ് പോലീസ് തയാറായാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ 17 പാര്‍ട്ടിനേതാക്കളുടെ പേരുള്ളതായി ജിയോ ന്യൂസ് പറയുന്നു. ജുഡീഷ്യല്‍ കോംപ്ലക്‌സിന്റെ പ്രധാന ഗേറ്റും പോലീസ് ചെക്‌പോസ്റ്റും പാര്‍ട്ടിപ്രവര്‍ത്തകര്‍ തകര്‍ത്തതായാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജുഡീഷ്യല്‍ കോംപ്ലക്‌സിന്റെ കെട്ടിടത്തിനു തീയിടുകയും കല്ലെറിയുകയും ചെയ്തതിന് 18 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടു പോലീസ് വാഹനങ്ങളും ഏഴു മോട്ടോര്‍ സൈക്കിളുകളും സംഘര്‍ഷത്തിനിടെ കത്തിച്ചു. പോലീസിന്റെ ഔദ്യോഗിക വാഹനത്തിനു കേടുപാടുകളും സംഭവിച്ചു.

വെള്ളിയാഴ്ച ലാഹോര്‍ ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാന്‍ ഖാന്‍, തനിക്കെതിരായ അഴിമതിക്കേസിന്റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹാജരാകാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ചാണ് ലാഹോറില്‍നിന്ന് അദ്ദേഹം ഇസ്ലാമാബാദിലേക്കു പുറപ്പെട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ പതിനായിരത്തോളം സായുധ പോലീസുകാര്‍ അദ്ദേഹത്തിന്റെ വസതിലേക്ക് ഇരച്ചുകയറി. ഇമ്രാന്റെ അറസ്റ്റ് തടയാന്‍ നൂറുകണക്കിനു പാര്‍ട്ടി അനുയായികള്‍ ഈ സമയം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പ്രവേശന കവാടത്തിലെ ബാരിക്കേഡുകളും ടെന്റുകളും നീക്കം ചെയ്ത പോലീസ് അവരെ അവിടെനിന്ന് ഒഴിപ്പിച്ചു. ഡസന്‍ കണക്കിനു പാര്‍ട്ടിനേതാക്കളെ കസ്റ്റഡിയിലെടുത്തു. വീടിന്റെ പ്രധാന ഗേറ്റും ഭിത്തിയും തകര്‍ത്തായിരുന്നു പോലീസിന്റെ പരിശോധന. ഇതിനെതിരേ പാര്‍ട്ടിപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പുണ്ടായതായും അത് അക്രമത്തില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പത്തോളം തൊഴിലാളികള്‍ക്കു പരുക്കേറ്റതായി പറയപ്പെടുന്നു.

ഇമ്രാന്‍ ഖാന്റെ വസതിയില്‍ നിയമവിരുദ്ധമായി അക്രമം നടത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പി.ടി.ഐ. നേതാവ് ഫവാദ് ചൗധരി പറഞ്ഞു. ലാഹോര്‍ ഹൈക്കോടതിയുടെ വിധി ലംഘിച്ചാണ് ഇമ്രാന്‍ ഖാന്റെ വസതിയില്‍ പോലീസ് പ്രവേശിച്ചതെന്നും എല്ലാ മര്യാദകളെയും അവര്‍ ചവിട്ടിമെതിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വീട്ടിലെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായും നിരപരാധികള്‍ പീഡനത്തിന് വിധേയരായതായും ട്വീറ്റില്‍ പറയുന്നു.
ഭരണ നിയന്ത്രണത്തിലുള്ള തോഷാഖാന വകുപ്പില്‍നിന്ന് കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വാങ്ങി അവിടെത്തന്നെ ലാഭത്തിനു വിറ്റുവെന്നതാണ് ഇമ്രാനെതിരേയുള്ള കേസ്. പ്രധാനമന്ത്രിയായിരിക്കെ തനിക്കു കിട്ടിയ റിസ്റ്റ് വാച്ച് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ തോഷാഖാനയില്‍നിന്നു വാങ്ങി അദ്ദേഹം ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.

Share
അഭിപ്രായം എഴുതാം