ന്യൂഡല്‍ഹി: പഞ്ചാബ് പോലീസ് ഖലിസ്ഥാനി നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് അഭ്യൂഹം ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം അമൃത് പാലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഖലിസ്ഥാനി നേതാവ് കബളിപ്പിച്ച് കടന്നുകളഞ്ഞുവെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. രക്ഷപെടാനായി അമൃത് പാല്‍ ഉപയോഗിച്ച വാഹനവും അതില്‍ നിന്ന് ആയുധങ്ങളും കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. അമൃത്പാല്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ പുതിയ രണ്ട് എഫ്ഐആര്‍ കൂടി കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. അമൃത്പാല്‍ സിങ്ങിന്റേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനും ജലന്ധറില്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ചതിനുമാണ് വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം പോലീസ് ഒളിച്ചുകളിക്കുകയാണെന്നും അമൃത് പാലിനെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ‘വാരിസ് പഞ്ചാബ് ദേ’ നിയമോപദേഷ്ടാവ് ഇമാന്‍ സിങ് ഖാര ആരോപിച്ചു. ഇതേ തുടര്‍ന്ന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റമുട്ടലിലൂടെ അമൃത് പാലിനെ കൊലപ്പെടുത്താനാണ് നീക്കമെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. പഞ്ചാബ് പോലീസ് സംസ്ഥാനത്ത് നടത്തിയ ഫ്‌ലാഗ് മാര്‍ച്ചിലും തിരച്ചിലിലുമായി അമൃത് പാലിന്റെ 34 അനുയായികളെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 112 ആയി. പ്രതിഷേധങ്ങള്‍ തടയാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമൃത് പാല്‍ ഒളിവിലോ, കസ്റ്റഡിയിലോ? 112 പേര്‍ കസ്റ്റഡിയില്‍
