നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരും ആദിവാസികളും നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 58 കാരന്‍ മരിച്ചു. സമരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട പുണ്ഡലിക് അമ്പു ജാധവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അദ്ദേഹം പ്രതിഷേധക്കാരുടെ കാമ്പില്‍ തിരിച്ചെത്തി.
എന്നാല്‍ രാത്രി എട്ടുമണിയോടെ ജാധവ് ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച ദിന്‍ഡോരിയില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ കാല്‍നട യാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യാത്ര മുംബൈയിലെ താനെയിലെത്തി. ഉള്ളി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. 12 മണിക്കൂര്‍ തടസ്സപ്പെടാതെ വൈദ്യുതി നല്‍കണം. കാര്‍ഷിക വായ്പകളില്‍ ഇളവു നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര കര്‍ഷക മാര്‍ച്ച്: സമരത്തില്‍ പങ്കെടുത്ത 58കാരന്‍ മരിച്ചു
